പവര്‍ സ്റ്റാര്‍; ആക്ഷന്‍ ഹീറോയായി ബാബു ആന്റണി തിരിച്ചു വരുന്നു

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍ സ്റ്റാര്‍’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തിലാണ് സ്വിച്ചോണ്‍ നടന്നത്. തുടര്‍ന്ന് ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഒമര്‍ ലുലു പരിചയപ്പെടുത്തി. ഡിജെ സാവിയോയുടെ നേതൃത്വത്തില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ ആവേശത്തില്‍ പവര്‍ സ്റ്റാര്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും പയ്യാമ്പലം ബീച്ചില്‍ നൃത്തച്ചുവടുകള്‍ വച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കണ്ണൂരില്‍ ആരംഭിച്ചു.

പ്രഖ്യാപന സമയം മുതല്‍ ബാബു ആന്റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ നിര്‍മ്മാണം റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നല്‍കി ചെറിയ പിരീഡില്‍ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും പവര്‍സ്റ്റാര്‍ എന്ന് ഒമര്‍ ലുലു പറഞ്ഞു. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നായകനായ ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News