ഹലാല്‍ സര്‍ട്ടിഫിക്കറ്റ്; ഹിമാലയ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ക്യാമ്പയിന്‍

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹിമാലയക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂല സംഘടനകള്‍. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ലഭിച്ച ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം. കമ്പനിയുടമ മുസ്ലിം ആണെന്നും ഹിമാലയ ഉല്‍പ്പന്നങ്ങള്‍ ഹലാലാണെന്നുമാണ് പ്രചാരണം. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ബോയിക്കോട്ട് ഹിമാലയ എന്ന ഹാഷ്ടാഗിലാണ് പ്രചാരണം നടത്തുന്നത്.


കമ്പനി സ്ഥാപകനായ മുഹമ്മദ് മനാലിനെ ഉദ്ദേശിച്ചാണ് പ്രചാരണം നടത്തുന്നത്. 1986ല്‍ മനാലിന്റെ മരണശേഷം മകനായ മെറാജ് മനാലാണ് കമ്പനി ചെയര്‍മാന്‍. എന്നാല്‍ കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ശൈലേന്ദ്ര മല്‍ഹോത്ര (ഗ്ലോബല്‍ സിഇഒ), സാകേത് ഗോറെ, ജതിന്‍ ബ്രഹ്മെച, ജയശ്രീ ഉള്ളാള്‍, കെ.ജി ഉമേശ്, രാജേഷ് കൃഷ്ണമൂര്‍ത്തി, ശരത് സുത്രവെ, അനില്‍ ജൈന്‍ദാനി, ഡോ രങ്കേഷ് എന്നിവരാണ് നിലവില്‍ ഹിമാലയയുടെ നേതൃനിരയിലുള്ളത്.

പ്രചാരണത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്ത് വന്നിട്ടുണ്ട്. നൂറിലധികം രാഷ്ട്രങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് തങ്ങളുടേത് എന്നും അതതു രാഷ്ട്രങ്ങളുടെ ഇറക്കുമതി നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചില രാഷ്ട്രങ്ങളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അത് ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാത്രമാണ്. ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നതു പോലെ ഉല്‍പ്പന്നങ്ങളുടെ ചേരുവയായി ഇറച്ചി ഉപയോഗിക്കുന്നില്ല. ഇത് വസ്തുതാപരമായ ശരിയല്ല. ഒരു ഉല്‍പ്പന്നത്തില്‍ ഇറച്ചി അടങ്ങിയിട്ടുണ്ട് എന്ന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് അര്‍ത്ഥമില്ല. ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് അനുസരിച്ച് സസ്യോത്പന്നങ്ങളിലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ബാധകമാണ്. ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ഇത്തരം അംഗീകാരപത്രങ്ങള്‍ നേടേണ്ടതുണ്ടെന്നും ഹിമാലയ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News