വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവിലേക്കിറക്കി വിടില്ലെന്നും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിന്റെയും പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിര്‍മിച്ച വ്യാപാര സമുച്ചയത്തിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പേരില്‍ സ്ഥലമോ സ്വത്തുക്കളോ നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുകയാണ്. മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി 140 വ്യക്തികളില്‍നിന്നാണ് സ്ഥലം ഏറ്റെടുത്തത്. 61 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാന്‍ ചെലവിട്ടത്.
വികസനപദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയതിന് നഷ്ടപരിഹാരം ലഭിച്ച അനുഭവസ്ഥര്‍ക്ക് സര്‍ക്കാര്‍ പറയുന്നത് വെറുതെയല്ലെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. എല്ലാ വികസനപദ്ധതികള്‍ക്കും സര്‍ക്കാര്‍ ഇതേ നയമാണ് പിന്തുടരുന്നത്.
മാങ്കുളം പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയവരെ അഭിനന്ദിക്കുന്നു. മാങ്കുളം പദ്ധതിക്ക് 3.439 ഹെക്ടര്‍ സ്ഥലം കുറത്തിക്കുടി ആദിവാസി സെറ്റില്‍മെന്റില്‍നിന്നാണ് ഏറ്റെടുത്തത്. ആറ് ആദിവാസി കുടുംബങ്ങളുടെ ഭൂമിയും ഭവനവും ഏറ്റെടുത്തു.
നാലുപേരുടെ ഭൂമി ഭാഗികമായും ഏറ്റെടുത്തു. ഭാഗികമായി സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കി. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തി വീടുവച്ചുനല്‍കി. പദ്ധതിക്ക് ഭൂമി നല്‍കിയവരില്‍ മാങ്കുളം പഞ്ചായത്തില്‍ മറ്റു ഭൂമി കൈവശമില്ലാത്തവരും വാര്‍ഷിക വരുമാനം 75,000 രൂപയില്‍ താഴെയുള്ളവരുമായവര്‍ക്ക് ഇടുക്കി ജില്ലയില്‍തന്നെ ആനച്ചാലില്‍ മൂന്നു സെന്റ് ഭൂമി വീതവും നല്‍കി.
കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ രണ്ട് കോടി മുടക്കില്‍ വിസ്തൃതമായ വ്യാപാരസമുച്ചയവും നിര്‍മിച്ചു. വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹകരിക്കുന്ന എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മാങ്കുളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.