ഐസ്വാളിനു എതിരെ ഗോകുലത്തിനു വിജയം, ടേബിളില്‍ രണ്ടാമത്

കഴിഞ്ഞ രണ്ടു മത്സരത്തിലെ സമനില കുരുക്കില്‍ നിന്നും മുക്തി നേടി ഗോകുലം ഐസ്വാളിനെ ഒന്നിന് എതിരെ രണ്ടു ഗോളിനു പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ളെച്ചറിന്റെ ഗോളുകളിലൂടെയാണ് ഗോകുലം വിജയം കുറിച്ചത്.

ഇഞ്ചുറി ടൈമില്‍ ആയുഷ് ഛേത്രി ഐസ്വാളിനു വേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും, വിജയം ഗോകുലത്തിനു ഒപ്പമായിരിന്നു. ഗോകുലം എട്ടു കളികളില്‍ നിന്നും തോല്‍വി അറിയാതെ 18 പോയിന്റോടെ രണ്ടാം സ്ഥാനത്തു തുടരുന്നു. 19 പോയിന്റുള്ള മുഹമ്മദെന്‍സാണ് ലീഗില്‍ ഒന്നാമത്.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലത്തിനു ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗോള്‍ നേടുവാന്‍ കഴിഞ്ഞില്ല. കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ ഗോകുലത്തിന്റെ സ്ലോവേനിയന്‍ താരം ലുക്കാ മജ്സെന്‍ ഒരു ഓപ്പണ്‍ ചാന്‍സ് കിട്ടിയെങ്കിലും പന്ത് പുറത്തേയ്ക്കു അടിച്ചു അവസരം കളഞ്ഞു.

എമില്‍ ബെന്നി, ജോര്‍ദാന്‍ ഫ്‌ലെച്ചര്‍, ജിതിന്‍ എന്നിവര്‍ക്കും തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടുവാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോകുലത്തിനു വളരെ അധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും 63 ആം മിനിട്ടു വരെ കാത്തിരിക്കേണ്ടി വന്നു ഗോകുലത്തിനു ആദ്യ ഗോള്‍ നേടുവാന്‍.

വലതു വിങ്ങിലൂടെ ഉള്ള ശ്രീക്കുട്ടന്റെ ആക്രമണമായിരുന്നു ഗോളില്‍ കലാശിച്ചത്. ശ്രീക്കുട്ടന്‍ ഐസ്വാള്‍ ഡിഫെന്‍ഡറിന്‍സിനെ മറികടന്നു ഉതിര്‍ത്ത ഷോട്ട് പോസ്റ്റില്‍ തട്ടി ഫ്ളെച്ചറിന്റെ കാലുകളില്‍ കിട്ടുകയായിരുന്നു. ഫ്‌ലെച്ചര്‍ ബോള്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിട്ട് ഗോകുലത്തിനു ആദ്യ ഗോള്‍ സമ്മാനിച്ചു.

രണ്ടാമത്തെ ഗോളിന് വഴിവെച്ചത് മിഡ്ഫീല്‍ഡര്‍ റിഷാദ് നീട്ടി കൊടുത്ത ബോളായിരിന്നു. പന്ത് സ്വീകരിച്ച ഫ്‌ലെച്ചര്‍ ഒറ്റയ്ക്ക് മുന്നേറി ഗോള്‍ നേടുകയായിരിന്നു. അവസാന നിമിഷത്തില്‍ ഐസ്വാള്‍ ഗോള്‍ മടക്കിയെങ്കിലും മിസോറം ടീമിന്റെ ഡിഫന്‍ഡര്‍ റോബര്‍ട്ട് ജൂനിയറിനു ചുവപ്പു കാര്‍ഡ് കിട്ടിയതു തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ ഗോകുലം ശ്രീനിധി ഡെക്കാന്‍ എഫ് സിയെ ഏപ്രില്‍ 5 നു നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here