ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യ പ്രക്ഷോഭം; തേഭാഗ സമരം

കർഷക സമര ചരിത്രത്തിൽ എന്നും ആവേശം കൊള്ളിക്കുന്ന സമരമാണ് 1946-47കളിൽ നടന്ന തേഭാഗ സമരം. അവിഭക്ത ബംഗാളിൽ നടന്ന കർഷക സമരം ഇന്നും ഊർജ്ജം പകരുന്ന സമരമാണ്.

സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭണമാണ് തേഭാഗ സമരം. തേഭാഗയെന്നാൽ മൂന്നു ഭാഗം എന്നാണ് അർത്ഥം. കുടിയാന്മാരിൽ നിന്നും ഭൂവുടമകൾ പരമ്പരാഗതമായി ഈടാക്കിയിരുന്ന പാട്ടം രണ്ടിലൊന്നായിരുന്നു.

ഇത് മൂന്നിലൊന്നായി കുറക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ സമരമാണ് തേഭാഗ സമരം. കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, സംഘടിപ്പിക്കുവാനും കമ്മ്യൂണിസ്റ്റ് പാർട്ടി വലിയവില നൽകേണ്ടി വന്നു.

പ്രക്ഷോഭം പ്രത്യക്ഷമായി ഭൂവുടമകൾക്കെതിരെയായിരുന്നെങ്കിലും, പരോക്ഷമായി അന്നത്തെ ബ്രിട്ടിഷു സർക്കാറിനും എതിരായിരുന്നു.
1939-ൽ ബി.പി.കെ.എസ്, ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് നിവേദനം സമർപ്പിച്ചു.

ഇതെതുടർന്ന് 1940-ൽ നിലവിൽ വന്ന ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്കരണങ്ങൾ നിർദ്ദേശിച്ചെങ്കിലും, അവയൊന്നും നടപ്പിലായില്ല.
1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

1940-46 കാലയളവിൽ ബംഗാളിലെ കാർഷികമേഖലയിൽ ഒട്ടനേകം മാറ്റങ്ങളുണ്ടായി. രണ്ടാം ലോകമഹായുദ്ധവും അതിനെത്തുടർന്നുണ്ടായ വിലക്കയറ്റവും ദുർഭിക്ഷവുമായിരുന്നു മുഖ്യ കാരണങ്ങൾ. 35 ലക്ഷത്തോളം പേർ ഭക്ഷ്യക്ഷാമം മൂലം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട് . വർദ്ധിച്ചു വന്ന കടബാദ്ധ്യതകൾ കുടിയാന്മാരേയും കർഷകത്തൊഴിലാളികളേയും അസ്വസ്ഥരാക്കി.

1946-47 ലാണ് സമരം മൂർദ്ധന്യാവസ്ഥയിലെത്തിയത്. മൂവായിരത്തിലധികം കർഷകത്തൊഴിലാളെ അറസ്റ്റു ചെയ്തു. 1950-ൽ പശ്ചിമബംഗാൾ സർക്കാർ The Bargdars Act 1950 എന്ന നിയമത്തിലൂടെ തേഭാഗാ സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് ഭാഗികമായെങ്കിലും നിയമസാധുത നൽകിയെങ്കിലും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇന്ത്യൻ കർഷക സമരത്തിലെ വിസ്മരിക്കാൻ കഴിയാത്ത സമരമാണ് തേഭാഗ സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here