പ്രതിപക്ഷ നേതാവിന്‍റെ വാദം പൊളിയുന്നു ; സതീശൻ പത്തോളം ഐഎൻടിയുസി യൂണിയനുകളുടെ ഭാരവാഹി

ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ സംസ്ഥാനത്തെ പത്തോളം പ്രധാന വ്യവസായശാലകളിലെ ഐഎൻടിയുസി യൂണിയനുകളുടെ ഭാരവാഹി. ജനപ്രതിനിധി എന്ന നിലയിലാണ്‌ തലപ്പത്ത്‌ തുടരുന്നതെങ്കിലും യൂണിയൻ പ്രവർത്തനങ്ങളിലൊന്നും സഹകരണം പണ്ടേയില്ല.

എന്നാൽ, തെരഞ്ഞെടുപ്പുകാലത്ത്‌ ആളായും പണമായും യൂണിയനുകളുടെ സഹായം തേടാറുമുണ്ട്‌. ഐഎൻടിയുസി, കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്‌താവനയിൽ രോഷാകുലരാണ്‌ ഐഎൻടിയുസി യൂണിയനുകൾ.

പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലത്തെ കെഎംഎംഎൽ, അങ്കമാലിയിലെ ടെൽക്‌, ഏലൂർ വ്യവസായ മേഖലയിലെ ടിസിസി എന്നിവിടങ്ങളിലെ തൊഴിലാളികളുടെയും കൊച്ചി റിഫൈനറിയിലെ ജീവനക്കാരുടെയും സംഘടനയുടെ പ്രസിഡന്റാണ്‌ സതീശൻ.

ഇതിൽ കൊച്ചി റിഫൈനറി എംപ്ലോയീസ്‌ യൂണിയൻ, ഐഎൻടിയുസി കൂടി പങ്കാളിയായിരുന്ന ദ്വിദിന പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, റിഫൈനറിയിലെ മറ്റുരണ്ട്‌ തൊഴിലാളി യൂണിയനുകളായ കൊച്ചിൻ റിഫൈനറീസ് വർക്കേഴ്‌സ് അസോസിയേഷനും (സിഐടിയു) എംപ്ലോയീസ്‌ അസോസിയേഷനും (ഐഎൻടിയുസി) പണിമുടക്കിൽ പങ്കാളിയായി.

രണ്ടുദിവസം പണിമുടക്കിയാൽ 16 ദിവസത്തെ ശമ്പളം പിടിക്കുമെന്ന മാനേജ്‌മെന്റിന്റെ ഭീഷണി അവഗണിച്ചാണ്‌ ഈ യൂണിയനുകളിലെ തൊഴിലാളികൾ പണിമുടക്കിയത്‌.കളമശേരിയിലെ അപ്പോളോ ടയേഴ്‌സ്‌, ഏലൂരിലെ ഹിൻഡാൽകോ, നിറ്റ ജലാറ്റിൻ എന്നിവിടങ്ങളിലെ ഐഎൻടിയുസി യൂണിയനുകളുടെയും പ്രസിഡന്റാണ്‌ സതീശൻ.

ഫാക്‌ട്‌ യൂണിയനിൽ ദീർഘകാലം പ്രസിഡന്റായിരുന്നു.ഐഎൻടിയുസിക്കെതിരായ സതീശന്റെ പ്രസ്‌താവനയിൽ അദ്ദേഹം നേതൃത്വം നൽകുന്ന യൂണിയനുകളും കടുത്ത പ്രതിഷേധത്തിലാണ്‌. യൂണിയൻ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലോ മാനേജ്‌മെന്റുമായുള്ള കരാർ ചർച്ചകളിലോ പോലും ഈ നേതാക്കൾ ഇടപെടാറില്ലെന്നും ചില ഭാരവാഹികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel