കോട്ടയത്ത് സതീശനെത്തിയ കാര്യം തന്നോട്‌ പറഞ്ഞില്ല പ്രതിപക്ഷ നേതാവിനെതിരെ നാട്ടകം സുരേഷ്

പ്രതിപക്ഷ നേതാവ് കോട്ടയത്ത് എത്തിയ കാര്യം തന്നോട് പറഞ്ഞില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പാര്‍ട്ടിയില്‍ പറയുമെന്നും സുരേഷ് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതയും ഗ്രൂപ്പ്‌പോരും മുറുകുകയാണ്.

ഇന്നലെ സ്ഥലത്തുണ്ടായിരുന്നുവെന്നും തന്റെ പദവി ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ് ഇന്നലത്തെ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും ഡിസിസി പ്രസിഡന്റ് വിട്ടു നിന്നത് ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി സുരേഷ് രംഗത്തെത്തിയത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടുപ്പക്കാരനായ യുഡിഎഫ് ജില്ലാ കണ്‍വീനറിനോട് ഡിസിസി പ്രസിഡെന്റ് നാട്ടകം സുരേഷിന് കടുത്ത വിയോജിപ്പാണുള്ളത്. യുഡിഎഫ് വേദികളില്‍ തന്നെ അവഗണിക്കുന്നു എന്ന പരാതിയും സുരേഷിനുണ്ട്. ഇതിനുപുറമേ എ-ഐ ഗ്രൂപ്പുകള്‍ സുരേഷിനെ ഒറ്റപ്പെടുത്തുകയാണ്. സുരേഷിന്റെ നേതൃത്വത്തിലാണ് കെ റെയില്‍ വിരുദ്ധ സമരം കോട്ടയത്ത് നടക്കുന്നത് എന്നാല്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത കെ റെയില്‍ വിരുദ്ധ പരിപാടിയുടെ നോട്ടീസിലോ വേദിയിലോ ഡിസിസി പ്രസിഡന്റിനു വേണ്ട പരിഗണന നല്‍കിയില്ല. ഇതോടെയാണ് വി ഡീ സതീശന്‍ പങ്കെടുത്ത ചടങ്ങ് നാട്ടകം സുരേഷ് ബഹിഷ്‌കരിച്ചത്.

യോഗം നടക്കുന്ന സമയത്ത് ഡിസിസി ഓഫീസില്‍ ഉണ്ടായിരുന്ന സുരേഷ്. ഇന്നലത്തെ യോഗത്തില്‍ നാട്ടകം സുരേഷ് പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് യുഡിഎഫ് ചെയര്‍മാന്‍ സജി മഞ്ഞക്കമ്പന്‍ പറഞ്ഞു. കെ റെയില്‍ വിരുദ്ധ സമരത്തിലും കോണ്‍ഗ്രസിലെ പടലപിണക്കം പ്രകടമാണ്. സംഘര്‍ഷ സമയങ്ങളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്രത്യക്ഷമാകുന്നത് പ്രവര്‍ത്തകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ഉമ്മന്‍ചാണ്ടിയും കോട്ടയത്ത് സമരങ്ങളില്‍ സജീവമല്ല. കെ റെയില്‍ വിരുദ്ധ സമരം നടക്കുമ്പോള്‍ യു ഡി എഫ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിന്റെ
ജില്ലാ പ്രസിഡന്റ് വിട്ടു നിന്നതു മുന്നണിയ്ക്ക് വലിയ ക്ഷീണം ആണ് ഉണ്ടാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News