വികസനത്തിന് കുത്തിത്തിരിപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത് ; മുഖ്യമന്ത്രി

വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിന് പരിഹാരമായി പുനരധിവാസ പദ്ധതികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നവർ അതിനാണ് മുൻതൂക്കം നൽകേണ്ടതെന്നും കാലിക്കറ്റ് പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്പോൾ കമ്പോള വിലയ്ക്ക് മുകളിലാണ് കൊടുക്കുന്നതെന്നും പുനരധിവാസ പാക്കേജ് ഇരട്ടിയും അതുക്ക് മേലെയുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥാപിത താൽപര്യം മുൻനിർത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് മാധ്യമങ്ങൾ ഇടം നൽകരുതെന്നും വികസനോന്മുഖമായ മാധ്യമ പ്രവർത്തനമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആവുകയല്ല മാധ്യമ പ്രവർത്തകർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സെക്രട്ടേറിയേറ്റിൽ ചെറിയ അഗ്‌നിബാധ ഉണ്ടായപ്പോൾ, അത് ഫയലുകൾ നശിപ്പിക്കാനുള്ളതാണെന്ന നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. അന്ന് നുണയാണെന്ന് അറിഞ്ഞ് കൊണ്ട് സെൻസേഷണൽ വാർത്ത നൽകിയെന്നും ഒരു ഫയലും കത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞിട്ടും തിരുത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കുഞ്ഞിനെയും കൊണ്ട് ഒരു സമരത്തിന് സ്ത്രീ വന്നതിനെ മഹത്വവത്ക്കരിക്കുകയാണ് ചെയ്തത്.കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സ്വാതന്ത്ര്യ സമരകാലത്ത് നേരിനൊപ്പം നിന്ന മാധ്യമങ്ങൾ അടിയന്തരാവസ്ഥക്ക് ശേഷം ഭരണകൂടത്തിന് വിനീത വിധേയരായെന്നും ആഗോളവത്കരണത്തോടെ ഇവർ മുതലാളിത്തത്തിനൊപ്പമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്താ അവതാരകൻ ട്രേഡ് യൂണിയൻ നേതാവിനെതിരെ പറഞ്ഞത് മാധ്യമ പ്രവർത്തകരെ തന്നെ ആക്ഷേപിക്കുന്നതിന് തുല്യമായെന്നും ആരെയും ആക്ഷേപിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതെന്നും അത് മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ദേശീയപാത വികസനത്തിന് ഭൂമിയേറ്റടുക്കുന്നതിലും തർക്കമുണ്ടായെന്നും കുറച്ചു നേരത്തെ ഭൂമി ഏറ്റെടുത്തിരുന്നെങ്കിൽ ദേശീയ പാത നേരത്തെ വരുമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.നിക്ഷിപ്ത താൽപര്യക്കാരുടെ നിലപാടിന് മാധ്യമങ്ങൾ വെള്ളവും വളവും നൽകുകയല്ല വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മാധ്യങ്ങൾ പറയുന്നത് ജനം വിശ്വസിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഇങ്ങനെ നിങ്ങളുടെ മുന്നിൽ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മുകളിലാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here