മാരക ലഹരി മരുന്നുമായി കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കുപ്രസിദ്ധ മോഷ്ടാവിനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി, ഉളിയനാണ്, കുളത്തൂര്‍കോണം, നന്ദു ഭവനില്‍ നന്ദു .ബി .നായര്‍ (28) ആണ് പിടിയിലായത്.
2022 മാര്‍ച്ച് 30 ന് പുലര്‍ച്ചെ 4 മണിക്ക് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

അന്നേദിവസം കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ പുലര്‍ച്ചെ നല്ല തിരക്കുള്ള സമയത്ത് ഓഫീസ് റൂമിനുള്ളില്‍ ഉണ്ടായിരുന്ന മേശ കുത്തിത്തുറന്ന് 35000 രൂപ കവര്‍ച്ച ചെയ്തു. തുടര്‍ന്ന് മാര്‍ക്കറ്റിന് ചുമതലയുള്ള കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനു സമീപം അനുഗ്രഹ വീട്ടില്‍ ഹാരിസ് നല്‍കിയ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അന്നേ ദിവസം പുലര്‍ച്ചെ നാലുമണി സമയത്ത് ഓവര്‍ കോട്ടും ഹെല്‍മറ്റും ധരിച്ച് ഒരു ചെറുപ്പക്കാരന്‍ സംശയാസ്പദമായി സ്ഥലത്ത് കാണപ്പെടുകയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകന്‍ നന്ദുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നന്ദുവിനെ ചടയമംഗലത്തു നിന്നും പള്ളിക്കല്‍ പൊലീസ് സിഐ ശ്രീജിത്ത്.പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നന്ദുവിനെ പക്കല്‍ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ 7.5 ഗ്രാം കണ്ടെടുത്തു. നിലവില്‍ മാര്‍ക്കറ്റില്‍ ഇതിന് അഞ്ചുലക്ഷത്തോളം രൂപ വില വരും. എംടിഎംഎ തരികള്‍ ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനയ്ക്കായാണ് കയ്യില്‍ കരുതി വച്ചിരുന്നത്. ഓരോ പാക്കറ്റും 10,000 മുതല്‍ 20,000 രൂപ വരെ വിലയ്ക്കാണ് പ്രതി വിറ്റിരുന്നത്. നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രതി എംഡിഎംഎ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ കൈവശം കാണപ്പെട്ട എംഡിഎംഎ യുടെ അളവ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം മീഡിയം ക്വാണ്ടിറ്റി ആണ്. മോഷണത്തിന് ഉപയോഗിച്ച ബൈക്ക്, മാരകായുധങ്ങള്‍, മോഷണമുതല്‍ എന്നിവ ഇയാളുടെ കൈവശം നിന്നും പൊലീസ് കണ്ടെത്തി.

നന്ദു നിരവധി പൊലീസ് സ്റ്റേഷനുകളില്‍ നിലവില്‍ അറുപതോളം കേസുകളില്‍ പ്രതിയാണ്. കിളിമാനൂര്‍, വര്‍ക്കല, പാരിപ്പള്ളി, പൂയപ്പള്ളി, കടയ്ക്കല്‍, മൂവാറ്റുപുഴ, ചടയമംഗലം, അയിരൂര്‍, കല്ലമ്പലം, ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം, പിടിച്ചുപറി, അടിപിടി, കഞ്ചാവ്, പോക്‌സോ കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്.

അറസ്റ്റ് ചെയ്ത സമയം രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി പ്രകാരം കഴിഞ്ഞമാസം ചടയമംഗലത്തു 4 സ്‌കൂളുകളിലും ഓഫീസുകളിലും നിന്നും ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതും കല്ലമ്പലത്ത് മെഡിക്കല്‍ ഷോപ്പിലെ മോഷണവും പ്രതി നടത്തിയതായി സമ്മതിച്ചിട്ടുണ്ട് .ഈ കേസുകളിലും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തും.

പ്രതി ലഹരി മരുന്നുന്നിന് അടിമയാണെന്നും കല്ലമ്പലത്ത് മെഡിക്കല്‍ ഷോപ്പില്‍ നടന്ന മോഷണത്തില്‍ സിറിഞ്ചുകളും മോഷ്ടിച്ചിരുന്നുവെന്നും മയക്കു മരുന്നുകള്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിനുവേണ്ടിയാണ് പ്രതി സിറിഞ്ചുകള്‍ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News