കൊലയ്‌ക്ക്‌ കാരണം രാഷ്‌ട്രീയവൈരാഗ്യം ; ധീരജ്‌ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ധീരജ്‌ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.ജില്ലാ സെഷൻസ്‌ കോടതിയിലാണ് ഇടുക്കി ഡി.വൈ.എസ്.പി ഇമ്മാനുവൽ പോൾ കുറ്റപത്രം സമർപ്പിച്ചത്.രാഷ്‌ട്രീയവൈരാഗ്യമാണ് കൊലയ്‌ക്ക്‌ കാരണം.

കേസിലെ പ്രധാന തെളിവായ കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ തെളിവ് നശിപ്പിച്ച കുറ്റവും പ്രതികൾക്കെതിരെ ചുമത്തി. സംഭവം നടന്ന്‌ 81-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

കെഎസ്‌യു– യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരായ എട്ടുപേരെയാണ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ ആറുപേർ കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തു.

പോക്കറ്റിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ഒന്നാം പ്രതിയും യൂത്ത്‌ കോൺഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി ആദ്യം അഭിജിത്തിനെയും തുടർന്ന്‌ ധീരജിനെയും കുത്തി. ധീരജിന്റെ ഇടതുനെഞ്ചിൽ മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവുണ്ടായി ഹൃദയധമനികളെ ഭേദിച്ചതാണ്‌ മരണകാരണം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ്‌ നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ, പട്ടികജാതി അതിക്രമം തടയൽ തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയത്‌. 1600 ലേറെ പേജുകളുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്‌ ആറ്‌ വാല്യങ്ങളായി.

ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്‌, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻബേബി എന്നിവരാണ്‌ രണ്ടുമുതൽ എട്ടുവരെ പ്രതികൾ. കേസിൽ ആകെ 143 സാക്ഷികളാണുള്ളത്‌.

തൊണ്ടിമുതലുകളോടൊപ്പം 85 ഓളം പ്രമാണങ്ങളും കേസിൽ തെളിവായി ഹാജരാക്കി. ഒന്നാം പ്രതി നിഖിൽ പൈലിക്ക്‌ അറസ്‌റ്റിലായ ശേഷം ജാമ്യം നൽകിയിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ 5ന്‌ വാദം കേൾക്കുന്നതിനായി മാറ്റിയിട്ടുണ്ട്‌.

കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട്‌ പ്രതികൾക്ക്‌ കോടതി സമൻസ്‌ അയച്ച് വിചാരണനടപടികളിലേക്ക്‌ കടക്കും. ധീരജ്‌ കേസിന്റെ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി അഡ്വ.സുരേഷ്‌ ബാബു തോമസിനെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here