ഇന്ധന വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഇരട്ടഭാരം: മുഖ്യമന്ത്രി

അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇന്നും പെട്രോളിനും ഡീസലിനും 80 പൈസ വീതം വർദ്ധിപ്പിച്ചിരിക്കുകയാണ്. കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളിൽ വമ്പിച്ച വിലക്കയറ്റത്തിന് ഇത് കാരണമായിത്തീരുകയാണ്. ഇവയ്‌ക്കെതിരായി വലിയ പ്രക്ഷോഭങ്ങൾ രാജ്യത്തെമ്പാടും വളർന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് മാസത്തിൽ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയുമാണ് വർദ്ധിപ്പിച്ചത്. ആഗോളവൽക്കരണ നയം ആരംഭിക്കുന്നതിനു മുമ്പ് 9.8 രൂപയായിരുന്ന പെട്രോളിന്റെ വിലയും, 4.8 രൂപയായിരുന്ന ഡീസലിന്റെ വിലയും ഇന്ന് നൂറ് കവിഞ്ഞിരിക്കുകയാണ്.

സബ്‌സിഡി സിലണ്ടറിന് ആ ഘട്ടത്തിൽ 56 ഓളം രൂപയാണ് ഉണ്ടായിരുന്നത്. ഇന്ന് അത് ആയിരത്തിന് അടുത്തിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോൾ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായും മാറിക്കഴിഞ്ഞിരിക്കുന്നു.
ആഗോളവൽക്കരണം മുന്നോട്ടുവയ്ക്കുന്ന എല്ലാ മേഖലയിൽ നിന്നും സർക്കാർ പിന്മാറുക എന്ന നയമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്‌ടിച്ചിരിക്കുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടിയിലൂടെയാണ് ഇതിന് തുടക്കംകുറിച്ചത്. സ്വകാര്യ എണ്ണ കമ്പനികൾക്ക് ഈ മേഖലയിൽ അനുവാദം നൽകിയതിന്റെ തുടർച്ച കൂടിയാണ് ഈ നടപടി.

എണ്ണ വില സ്ഥിരമാക്കി നിർത്തിയ ഓയിൽപൂൾ അക്കൗണ്ട് നിർത്തലാക്കിയ നടപടിയും ഇതിന് കാരണമായിത്തീർന്നു. പുതിയ എണ്ണ പരിവേഷണം നടത്തി മുന്നോട്ടുപോയ ഒഎൻജിസി യുടെ പദ്ധതികൾ പോലും കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്ന നയവും ഇക്കാര്യത്തിൽ ഭാവിയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാക്കിയിരിക്കുകയാണ്.

വില നിയന്ത്രണം എടുത്തുമാറ്റുമ്പോൾ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു വാദം അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ എക്‌സൈസ് നികുതി വർദ്ധിപ്പിക്കുന്ന നയം ബിജെപി സർക്കാർ സ്വീകരിക്കുകയും, അതിന്റെ ഫലമായി അതിൽ നിന്ന് ലഭിക്കുമെന്ന് പ്രചരിപ്പിച്ച നേട്ടം പോലും നമുക്ക് ലഭിച്ചില്ല.

കോൺഗ്രസ്സ് സർക്കാർ തുടങ്ങിവച്ച ആഗോളവൽക്കരണ നയങ്ങൾ കൂടുതൽ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സർക്കാർ ചെയ്‌തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 7 വർഷം കൊണ്ട് സെസ്സ്, അഡീഷണൽ സ്‌പെഷ്യൽ ഡ്യൂട്ടി എന്നീ പേരുകളിൽ പുതിയ നികുതികൾ ഇന്ധന മേഖലയിൽ കൊണ്ടുവന്നു.

ക്രൂഡോയിൽ വിലയിൽ കുറവ് വന്നാൽ പോലും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരാത്ത രീതിയിൽ ആണ് സെസ്സും അഡീഷണൽ സ്‌പെഷ്യൽ ഡ്യൂട്ടിയും വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

യുഡിഎഫ് സർക്കാർ നികുതി കുറച്ചുവെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ട്. അക്കാലത്ത് 620 കോടി രൂപയുടെ നികുതിയിളവ് നൽകുകയും അതിന്റെ നാലിരട്ടി നികുതി വർദ്ധനവിലൂടെ പിരിച്ചെടുക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. 13 തവണ നികുതി വർദ്ധനവുണ്ടായപ്പോൾ 3 തവണ മാത്രം കുറച്ചതിന്റെ മേനിയാണ് ഇപ്പോൾ പറയുന്നത്.

2016 ൽ ഇടതു സർക്കാർ ഭരണത്തിൽ വന്ന ശേഷം പെട്രോൾ ഡീസൽ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളിൽ നിന്നും കുറയ്ക്കുയുമാണ് ഉണ്ടായത്. ഇതിന്റെ ഫലമായി 1500 ഓളം കോടി രൂപയുടെ നേട്ടം സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.

കോവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ചത്തീസ്‌ഗഡ്, കർണാടക മുതലായ സംസ്ഥാനങ്ങൾ ഇന്ധന നികുതി വർദ്ധിപ്പിച്ചപ്പോൾ നികുതി വർദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ പെട്രോളിയത്തിന്റെ നികുതി കുറയ്ക്കണമെന്ന് പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉള്ള വില പരിശോധിക്കുന്നത് നന്നാവും.

അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. കോർപ്പറേറ്റ് ടാക്‌സ് ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം മാത്രം കേന്ദ്രം ഇളവു ചെയ്‌തത് 1.45 ലക്ഷം കോടി രൂപയാണ്.

സാധാരണക്കാർക്ക് ആവശ്യമുള്ള ഭക്ഷ്യസബ്‌സിഡിയും എണ്ണ സബ്‌സിഡിയും നൽകുന്നതിന് പണമില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ തന്നെയാണ് കോർപ്പറേറ്റുകളുടെ നികുതി ഇളവ് ചെയ്യുന്നത്. സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുകയും ഒപ്പം നികുതി ഭാരം കയറ്റിവെയ്ക്കുകയും ചെയ്‌തുകൊണ്ടുള്ള ഇരട്ടഭാരമാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. അതിന്റെ ഉദാഹരണമാണ് കുതിച്ചുയരുന്ന ഇന്ധന വില വർദ്ധനവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News