ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതും വയ്ക്കരുതാത്തതുമായ ഭക്ഷണസാധനങ്ങള്‍ ഇവയൊക്കെയാണ്

എല്ലാ വീടുകളിലുമുള്ള ശീലമാണ് കൈയില്‍ കിട്ടുന്നതെല്ലാം ഫ്രിഡ്ജിനുള്ളില്‍ നിറയ്ക്കുന്നത്. അവയില്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ടതും വയ്ക്കരുതാത്തതുമായ ഭക്ഷണസാധനങ്ങളുണ്ടെന്ന് അറിയാമോ? ചിലരൊക്കെ ഫ്രിഡ്ജിനെ ചെറിയൊരു ഫുഡ് ഷെല്‍ഫ് തന്നെയാക്കും. ഇത് ഭക്ഷണസാധനങ്ങളുടെ ശരിയായ ഗുണമേന്മ നഷ്ടപ്പെടാനേ ഇടയാക്കൂ. ചില ഭക്ഷണ സാധനങ്ങള്‍ മുറിയിലെ താപനിലയില്‍ തന്നെ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കാറുണ്ട്. ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഇവയാണ്.

ബ്രെഡ്

ബ്രെഡ് കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കാനാണ് പലരും ഫ്രിഡ്ജില്‍ വയ്ക്കുന്നത്. ശരിക്കും ബ്രെഡ് അധിക ദിവസം സൂക്ഷിക്കാന്‍ പറ്റിയ ഭക്ഷണമല്ല. മൂന്നോ നാലോ ദിവസം കൊണ്ട് കഴിച്ചു തീര്‍ക്കുക തന്നെ വേണം. മാത്രമല്ല ഫ്രിഡ്ജിലെ തണുപ്പില്‍ അതിന്റെ സ്വഭാവികത നഷ്ടപ്പെട്ട് ഉണങ്ങിയ രൂപത്തിലാകുകയും ചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം ബ്രെഡ് ബാഗുകളിലോ, കണ്ടെയ്നറിലോ അടച്ച് സ്വഭാവിക താപനിലയില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്

സവാളയും ഉള്ളിയും

ഫ്രിഡ്ജിലെ പച്ചക്കറി, സാലഡ് ഡ്രോയറുകളില്‍ നിന്ന് പണ്ടേ ഔട്ടാക്കേണ്ട സാധനമാണ് സവാള. കാരണം ഫ്രിഡ്ജില്‍ മുഴുവന്‍ ഇവയുടെ ഗന്ധമാകും എന്നത് മാത്രമല്ല മറ്റ് ഭക്ഷണ സാധനങ്ങള്‍ക്ക് ഈ മണം പകര്‍ന്നുകിട്ടുകയും ചെയ്യും. സവാള നല്ല വായു സഞ്ചാരമുള്ള ഈര്‍പ്പമില്ലാത്ത സ്ഥലത്ത് വയ്ക്കുന്നതാണ് നല്ലത്. ഇരുട്ടുള്ള സ്ഥലത്ത് വച്ചാല്‍ സവാള മുളയ്ക്കാന്‍ സാധ്യതയുണ്ട്. പകുതി സവാള മതി എങ്കില്‍ ബാക്കിയുള്ളതിനെ വായുകടക്കാത്ത കണ്ടെയ്നറില്‍ അടച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കാം.

വെളുത്തുള്ളി

സാധാരണ താപനിലയില്‍ കേടാവില്ലാത്തതിനാല്‍ ഫ്രിഡ്ജിലെ സ്ഥലം പാഴാക്കേണ്ട. വായു സഞ്ചാരമുള്ള ഈര്‍പ്പമില്ലാത്ത എവിടെയും വെളുത്തുള്ളി സൂക്ഷിക്കാം.

അവോക്കാഡോ

അവോക്കാഡോ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അവയുടെ മൃദുലത നഷ്ടമാവും, ഒപ്പം പഴുക്കാന്‍ താമസിക്കുകയും ചെയ്യും. വാഴപ്പഴം സൂക്ഷിക്കുന്നതുപോലെ ഓപ്പണ്‍ പായ്ക്കറ്റുകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പകുതി മുറിച്ച അവോക്കാഡോ വായു കടക്കാത്ത പാത്രത്തിലടച്ച് ഫ്രിഡ്ജില്‍ വയ്ക്കാം.

തക്കാളി

സാധാരണയായി വേഗം കേടാവുമെന്നതിനാല്‍ ഫ്രിഡ്ജില്‍ ആദ്യം വയ്ക്കുന്ന പച്ചക്കറിയാണ് തക്കാളി. എന്നാല്‍ ഫ്രിഡ്ജില്‍ വച്ചാല്‍ തക്കാളിയുടെ സ്വാഭാവിക രുചി നഷ്ടമാകും.

തേന്‍

എത്രകാലം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാവുന്ന ഭക്ഷ്യവിഭമാണ് തേന്‍. ഇത് ഫ്രിഡ്ജില്‍ വയ്ക്കേണ്ട. പകരം നന്നായി അടച്ച് കബോര്‍ഡില്‍ തന്നെ സൂക്ഷിക്കാം.

നട്ട്സ്

ആരോഗ്യത്തിന് വളരെ നല്ലതാണ് പിസ്ത, ബദാം, കശുവണ്ടി പോലുള്ള പലതരം നട്സുകള്‍. എന്നാല്‍ ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചി വ്യത്യാസമുണ്ടാക്കും. മാത്രമല്ല മറ്റ് ഭക്ഷണ സാധങ്ങളുടെ ഗന്ധം ഇവയിലേക്ക് പടരാനും സാധ്യതയുണ്ട്. ഇവ വായു കടക്കാത്ത പാത്രത്തില്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News