കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ല; നിലപാട് ആവര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മുംബൈയില്‍

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ രാജ്യത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ പാടില്ലെന്നും ചൂണ്ടികാട്ടി. വികസനമെന്നാല്‍ പാലവും ഓവര്‍ ബ്രിഡ്ജും മെട്രോകളും മാത്രമല്ലെന്നും മനുഷ്യന്റെ വികസനം കൂടിയാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്നും കാതോലിക്ക ബാവ പറഞ്ഞു.

മുംബൈയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മാത്യൂസ് തൃതീയന്‍ .

മലങ്കര സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് പരിശുദ്ധ കത്തോലിക്കാ ബാവ മുംബൈയിലെത്തുന്നത്. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു കൊണ്ടായിരുന്നു കത്തോലിക്ക ബാവ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.

നവി മുംബൈ വാശി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് അരമന പള്ളിയില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മഹാരാഷ്ട്ര രക്ഷാധികാരി മന്ത്രി ഏക്നാഥ് ഷിന്‍ഡെ, രാജന്‍ വിചാരെ എം പി, മന്ദ മാത്രേ, കല്യാണ്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ കൂടാതെ വിവിധ സഭകളുടെ പ്രതിനിധികളും പങ്കെടുത്തു

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ബോംബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചടങ്ങിന് നേതൃത്വം നല്‍കി.

സഭയുടെ ഭാവി പരിപാടിയില്‍ യൂണിവേഴ്‌സിറ്റി തുടങ്ങുന്ന പദ്ധതിയെ കുറിച്ചും കാതോലിക്ക ബാവ പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതത്തിന്റെ ആത്മീയ ഉറവിടങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാകുന്നത് വലിയ കാര്യമാണെന്നും മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു. ഭാരതത്തിന്റെ ദേശീയ സഭയായി നിലനില്‍ക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നും വലിയ ഇടയന്‍ വ്യക്തമാക്കി.

തന്റെ ചെറുപ്പ കാലത്ത് ബോംബെ വിദൂരമായ സ്ഥലമായാണ് അനുഭവപ്പെട്ടിരുന്നതെന്നും എന്നാല്‍ മാറിയ കാലഘട്ടത്തിലെ വികസനങ്ങള്‍ മഹാനഗരത്തെ കേരളവുമായി കൂടുതല്‍ അടുപ്പിച്ചിരിക്കയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാനത്തവളങ്ങളും കൊങ്കണ്‍ റെയില്‍വേയുമാണ് മുംബൈയിലേക്കുള്ള ദൂരം കുറച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പ്രവാസി മലയാളികള്‍ മാതൃഭാഷയും നാടിന്റെ സംസ്‌കാരവും പുതിയ തലമുറക്ക് കൂടി പകര്‍ന്ന് നല്‍കണമെന്നും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജീവിക്കുന്ന ചുറ്റുപാടുകളോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് പ്രവാസി മലയാളികളെന്നും ഈ മനോഭാവമാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ വിജയമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മഹാമാരി ദുരിതം വിതച്ച നാളുകളില്‍ നഗരത്തെ കരുതലോടെ ചേര്‍ത്ത് പിടിച്ചവരില്‍ മലയാളികളുടെ പങ്ക് എടുത്ത് പറഞ്ഞാണ് രക്ഷാധികാരി മന്ത്രി ഏക്നാഥ് ഷിന്‍ഡെ കേരളത്തിന്റെ സംസ്‌കാരത്തെ പ്രകീര്‍ത്തിച്ചത്. ഭാഷയും രാഷ്ട്രീയവും ജാതിയും മതവും നോക്കാതെയാണ് നഗരവാസികള്‍ പരസ്പരം സഹായിച്ചിരുന്നതെന്നും ഷിന്‍ഡെ വ്യക്തമാക്കി. ശാന്തിയും സമാധാനവും ഉണ്ടായാല്‍ മാത്രമാണ് നാടിന്റെ വികസനം ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശകരായ മലങ്കര സഭയുടെ സേവനം മഹത്തരമാകുന്നതെന്നും മന്ത്രി പറഞ്ഞു.

നവി മുംബൈ തുര്‍ഭയിലെ ചേരി പ്രദേശങ്ങളിലും റോഹയിലും സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ബോംബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിശദീകരിച്ചത്. കൂടാതെ നവി മുംബൈയില്‍ തുടങ്ങാനിരിക്കുന്ന കാന്‍സര്‍ സെന്ററിനെ കുറിച്ചും ഭദ്രാസനാധിപന്‍ സൂചിപ്പിച്ചു.

ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കം വിവിധ സഭകളുടെ ബിഷപ്പുമാരും സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News