ജ്വലിക്കുന്ന സ്മരണകളുമായി നായനാര്‍ സഖാവ് ഇവിടെയുണ്ട്…

വായനമുറിയില്‍ കോട്ടുമിട്ട് സ്വതസിദ്ധമായ ചിരിയോടെ ഇരിക്കുന്ന സഖാവ് നായനാര്‍. ഓര്‍മകളുടെ തിരയടിയില്‍ വിതുമ്പി ശാരദ ടീച്ചര്‍… ‘എന്റെ മനസ്സൊന്ന് പതറി, എന്താ പറയാ… കൂടെയുള്ളതുപോലെ… ഇത്ര മനോഹരമായിരിക്കുമെന്നു പ്രതീക്ഷിച്ചില്ല’- നായനാര്‍ മ്യൂസിയത്തിലെത്തിയ നായനാരുടെ പ്രിയ പത്‌നി ശാരദ ടീച്ചറുടെ വാക്കുകള്‍ മുറിഞ്ഞു.

ശാരീരിക അവശതയ്ക്കിടയിലാണ് ടീച്ചര്‍ എത്തിയത്. സിലിക്കണ്‍ പ്രതിമ കണ്ടപ്പോള്‍ത്തന്നെ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു. അടുത്തുനിന്ന് ഫോട്ടോ എടുത്തപ്പോഴേക്കും വിതുമ്പി. ടീച്ചര്‍ക്കൊപ്പം മക്കളായ സുധ, ഉഷ, കൃഷ്ണകുമാര്‍, വിനോദ്കുമാര്‍, മരുമകന്‍ കെ സി രവീന്ദ്രന്‍ എന്നിവരുമുണ്ടായി.

നായനാരുടെ വായനമുറി, പുസ്തകങ്ങളും പത്രങ്ങളും എല്ലാം അതുപോലെതന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഒപ്പ്, സീല്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, ബാഗ്, കണ്ണട, പുസ്തകങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അക്കാദമിയിലെ രണ്ടാമത്തെ നിലയില്‍ നായനാര്‍ ജനിച്ചുവളര്‍ന്ന വീടും പഠനവും രാഷ്ട്രീയവും ജയില്‍വാസവും ഒളിവുജീവിതവും മുഖ്യമന്ത്രിയായതുമെല്ലാം ചിത്രം സഹിതമുണ്ട്. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവരുടെ പ്രതിമകളും കൂട്ടായുണ്ട്.

നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്ന പരിപാടിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. നായനാരുടെ ശബ്ദവും രൂപവും സമ്മേളിക്കുന്ന ഹോളോഗ്രാം സംവിധാനവുമുണ്ട്. നായനാരുടെ ജീവിതവുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കും.

നായനാരുടെ ആത്മകഥയിലെ പ്രസക്തഭാഗങ്ങള്‍ രേഖപ്പെടുത്തുന്ന ചിത്രങ്ങള്‍ നിറഞ്ഞ ചുമരില്‍ കാരിക്കേച്ചറുകളുമുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങള്‍ വിവരിക്കുന്ന ഓറിയന്റേഷന്‍ തിയേറ്ററാണ് ഒന്നാംനിലയില്‍. പ്രവേശനകവാടത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പ്രതിബിംബങ്ങളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News