ADVERTISEMENT
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബിസിനസ് മുടങ്ങാതിരിക്കാന്‍ ചൈനയിലെ വാണിജ്യനഗരമായ ഷാങ്ഹായിയില്‍ ഇരുപതിനായിരത്തിലേറെ ബാങ്കര്‍മാരും വ്യാപാരികളും ജീവനക്കാരും അന്തിയുറങ്ങുന്നത് ഓഫീസില്‍.സ്ലീപ്പിംഗ് ബാഗും പുതപ്പുമായി ഇവര്‍ ഓഫീസില്‍ തന്നെ താമസമുറപ്പിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈയിലെ വാള്‍സ്ട്രീറ്റ് എന്നറിയപ്പെടുന്ന ഷാങ്ഹായിയിലാണ് കൊവിഡ് നിയന്ത്രണം മറികടക്കാന്‍ പുതിയ രീതി ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷാങ്ഹായിലാകെ ദിവസങ്ങളായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ വര്‍ക്ക് ഫ്രം ഹോം നിലവിലുണ്ടായിരുന്നുവെങ്കിലും ബിസിനസ് കാര്യങ്ങള്‍ മുടങ്ങാതിരിക്കാന്‍ ഉടമസ്ഥരും ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ താമസം തുടങ്ങുകയായിരുന്നു. 26 മില്യന്‍ പേര്‍ താമസിക്കുന്ന ഷാങ്ഹായി ചൈനയുടെ വാണിജ്യ തലസ്ഥാനം കൂടിയാണ്.
ഇവിടെയുള്ള ലുജിയാസുയി നഗരത്തില്‍ മാത്രം ആയിരക്കണക്കിനാളുകള്‍ ഓഫീസുകളില്‍ സ്ത്രീപുരുഷഭേദമന്യെ താമസിക്കുകയാണെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. പല ഓഫീസുകളിലും ഇതിനായി ടോയ്ലറ്റ് സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കുളിമുറികള്‍ ഇല്ലാത്തതിനാല്‍, ഹീറ്ററില്‍ വെള്ളം ചൂടാക്കിയാണ് ഇവര്‍ കുളിക്കുന്നത്. താമസിക്കാന്‍ പ്രത്യേക സ്ഥലമില്ലാത്തതിനാല്‍ ക്യുബിക്കിളുകള്‍ക്കിടയിലും കസേരകള്‍ക്കിടയിലുമൊക്കെ സ്ലീപ്പിംഗ് ബാഗിട്ട് കിടന്നുറങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്.
ഇരുപത് സഹപ്രവര്‍ത്തകരുമായി ദിവസങ്ങളായി താന്‍ ഓഫീസില്‍ അന്തിയുറങ്ങുകയാണെന്ന് ഒരു ഹെഡ്ജ് ഫണ്ട് മാനേജറായ ഹെന്‍ട്രി ബ്ലൂംബര്‍ഗിനോട് പറഞ്ഞു. ഇവിടെ കുളിക്കാനുള്ള സൗകര്യമില്ലെങ്കിലും ഹീറ്ററുകളില്‍ വെള്ളം ചൂടാക്കി ഒരുവിധം ഒപ്പിച്ചുപോവുകയാണ് എന്ന് ഇയാള്‍ പറഞ്ഞു. അടുത്തുള്ള ബഹുനില കെട്ടിടങ്ങളില്‍നിന്നുള്ള വെളിച്ചം ഉറക്കത്തിന് ശല്യമാവുന്നതിനാല്‍, ആ കെട്ടിടങ്ങളിലെ ജീവനക്കാരോട് രാത്രിയില്‍ ബള്‍ബുകള്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയാണെന്നും ഇയാള്‍ പറയുന്നു.
ചില ഓഫീസുകളില്‍ ഇങ്ങനെ രാത്രി താമസിക്കുന്ന ജീവനക്കാര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ചില ഓഫീസുകളില്‍ ഇവിടെ താമസിക്കുന്നവര്‍ക്കായി പ്രത്യേക പ്രതിദിന അലവന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസില്‍ താമസിക്കുന്നവര്‍ക്ക് ശമ്പള വര്‍ദ്ധന ഉറപ്പാക്കുകയാണ് മറ്റ് ചില സ്ഥാപനങ്ങളെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാങ്ഹായി നഗരത്തിന്റെ പകുതി ഭാഗവും ഹുവാങ്പു നദിയുടെ കരയിലാണ്. ഇവിടെ ആഴ്ചകളായി ലോക്ക്ഡൗണാണ്. ബാങ്കിംഗ്, ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനായാണ് ഓഫീസില്‍ അന്തിയുറങ്ങുന്ന രീതി നടപ്പാക്കി തുടങ്ങിയത്. തുടര്‍ന്ന് മറ്റു ചില സ്ഥാപനങ്ങള്‍ കൂടി ഈ രീതി പിന്തുടരുകയായിരുന്നു. ഈ പ്രദേശങ്ങളില്‍ വന്‍തോതില്‍ കൊവിഡ് പരിശോധനയും ചികില്‍സയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടെയുള്ള പുദോംഗ് പ്രദേശത്ത് വെള്ളിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പത്തു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. അതിനാല്‍, ഇവിടെയുള്ള ഓഫീസുകളില്‍ താമസിക്കുന്നവര്‍ക്ക് കുറച്ചു കൂടി ദിവസങ്ങള്‍ ഇവിടെ തന്നെ താമസിക്കേണ്ടി വരും. വസ്ത്രങ്ങള്‍ അലക്കാനും ഉണങ്ങാനുമായി ഓഫീസില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തിയതായി ചില ജീവനക്കാരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.