ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചു

കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിലെ 26 മന്ത്രിമാരുടെ രാജി സ്വീകരിച്ചതായി ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ വ്യക്തമാക്കി. പ്രതിസന്ധിയെ നേരിടാന്‍ വേണ്ടി പുതിയ സര്‍വ കക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാനാണ് തീരുമാനം.

മന്ത്രിസഭയില്‍ ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനമുണ്ടാകും. കരകയറാനാകാത്ത സാമ്പത്തിക മേഖല, കുതിക്കുന്ന വിലക്കയറ്റം, സര്‍വയിടങ്ങളിലും കലാപസമാന പ്രതിഷേധങ്ങളും അക്രമങ്ങളുമാണ് ശ്രീലങ്കയുടെ ആഭ്യന്തര രംഗം. സര്‍ക്കാരിന്റെ അവസാന പ്രതിരോധമായ അടിയന്തരാവസ്ഥയും ഫലം കണ്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ കൂട്ടരാജി.

രാജിവച്ചവരില്‍ പ്രമുഖനാണ് പ്രധാനമന്ത്രിയുടെ മകനും, യുവജന, കായിക വകുപ്പ് മന്ത്രിയുമായി നമല്‍ രജപക്‌സെ. ട്വിറ്ററിലൂടെയാണ് നമലിന്റെ രാജി പ്രഖ്യാപനം. ഇതിനിടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവര്‍ണ്ണര്‍ W D ലക്ഷമണ് രാജി വെച്ചു.ഭീമമായ കടബാധ്യതയും ജിഡിപി തകര്‍ച്ചയും നേരിടുന്ന ശ്രീലങ്കയുടെ സാമ്പത്തിക രംഗം കൂടുതല്‍ സങ്കീര്ണമായിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലൂടെ ആഭ്യന്തര പ്രശ്‌നങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News