എ എ റഹീമിന്റെ ശബ്ദം ഇനി രാജ്യസഭയിലും…

സി പി ഐ എമ്മിന്റെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമായി എ എ റഹീം ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സജീവ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്ന റഹീം സമര പോരാട്ട വീഥികളില്‍ സജീവ സാന്നിധ്യമാണ്.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള മാണിക്കല്‍ പഞ്ചായത്തിലെ തൈക്കാട് ആണ് റഹീമിന്റെ ജന്മസ്ഥലം. വിമുക്ത ഭടനായ എം അബ്ദുള്‍ സമദും എ നബീസാ ബീവിയുമാണ് മാതാപിതാക്കള്‍. പിരപ്പന്‍കോട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റഹീം പിരപ്പന്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കി. കൊല്ലം ജില്ലയിലെ നിലമേല്‍
എന്‍ എസ് എസ് കോളേജില്‍ പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം കേരള സര്‍വകലാശാലയില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഗവേഷണം തുടരുകയാണ്. ‘അച്ചടിമാധ്യമങ്ങളും കേരളത്തിലെ മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളും’ എന്നതാണ് ഗവേഷണ വിഷയം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ചെറിയൊരു കാലം മാധ്യമപ്രവര്‍ത്തകനായി കൈരളി ടിവിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം തുടങ്ങിയ നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല നിയമസഭാ നിയോജക മണ്ഡലത്തില്‍നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. യുവധാര മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

നിലവില്‍ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ സംസ്ഥാന വ്യാപകമായി ഹൃദയപൂര്‍വം ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കാനും ‘റീസൈക്കിള്‍ കേരള’യിലൂടെ പുതിയ മുന്നേറ്റമുണ്ടാക്കാനും ചുക്കാന്‍ പിടിച്ചു. അമൃത സതീശന്‍ (ജീവിത പങ്കാളി), ഗുല്‍മോഹര്‍, ഗുല്‍നാര്‍ – മക്കള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News