ഒരു വർഷം കൊണ്ട്‌ 1000 വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ കോടിയേരി

സംസ്ഥാനത്ത്‌ സിപിഐ എം നേതൃത്വത്തിൽ ഒരുവർഷംകൊണ്ട്‌ ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഒരു ലോക്കൽകമ്മിറ്റി ഒരു വീട്‌ നിർമിച്ചുനൽകണമെന്ന്‌ 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിച്ചതാണ്‌. ഇതനുസരിച്ച്‌ സംസ്ഥാനത്താകെ 1200 വീട്‌ നിർമിച്ചതായി കോടിയേരി പറഞ്ഞു. പാർടി കോൺഗ്രസിനോട്‌ അനുബന്ധിച്ച്‌ നിർമിച്ച 23 വീടുകളിലൊന്നിന്റെ താക്കോൽ പയ്യാമ്പലത്തെ ശ്രീലക്ഷ്‌മിക്ക്‌ കൈമാറിയശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നതിനൊപ്പം ജീവൽപ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പാർടി തീരുമാനിച്ചത്‌. സംസ്ഥാനത്ത്‌ ഒരുശതമാനത്തിൽ താഴെ ആളുകൾ ഇപ്പോഴും പരമദരിദ്രരാണ്‌. അവരുടെ ഉന്നമനമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തിൽ പാർടി പ്രവർത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുൻകൈയെടുത്താൽ അസാധ്യമായി ഒന്നുമില്ല. കോവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത്‌ തെളിയിച്ചതാണ്‌.

സുഖത്തിൽ മാത്രമല്ല, ദുഃഖത്തിലും ഒപ്പംനിൽക്കുന്ന പാർടിയാണ്‌ സിപിഐ എം. അതുകൊണ്ടാണ്‌ ജനങ്ങൾ സ്വന്തം പാർടിയായി കാണുന്നത്‌. മറ്റ്‌ പാർടികളിലെ ഉന്നത നേതാക്കളടക്കം സിപിഐ എമ്മിലേക്ക്‌ ആകൃഷ്ടരാവുന്നു. ദേശീയതലത്തിൽ കോൺഗ്രസ്‌ ബദൽശക്തി അല്ലാതായി. മോദി സർക്കാരിനെ താഴെയിറക്കണമെങ്കിൽ ഇടതുപക്ഷം കൂടുതൽ കരുത്താർജിക്കണം. അതിനുള്ള പ്രയോഗിക മാർഗങ്ങൾ പാർടി കോൺഗ്രസ്‌ ചർച്ചചെയ്‌ത്‌ തീരുമാനിക്കുമെന്ന്‌ കോടിയേരി പറഞ്ഞു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News