പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം വിറ്റ് കാശാക്കുക എന്ന നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നത് ; എളമരം കരീം എംപി

പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം വിറ്റ് കാശാക്കുക എന്ന നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എം പിയുമായ എളമരം കരീം.

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും കേന്ദ്രം സ്വകാര്യവൽക്കരിക്കുന്ന സാഹചര്യത്തിൽ കേരളം സ്വീകരിക്കുന്ന ബദൽ നിലപാട് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രധാന കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ ആ യൂണിറ്റ് ഏറ്റെടുത്ത് അവ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്ന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുന്നത്.

പാലക്കാട് പ്രവർത്തിക്കുന്ന ഇൻസ്‌ട്രുമെന്റെഷൻ ലിമിറ്റഡ് യൂണിറ്റിന്റെ കാര്യവും വിഭിന്നമല്ല. ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ് സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ 2016ൽ തീരുമാനിച്ചതാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇൻസ്‌ട്രുമെന്റേഷൻ പാലക്കാട് യൂണിറ്റ് കേരള സർക്കാരിന് വിട്ടുകൊടുക്കാനുള്ള വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് കേന്ദ്രവും സംസ്ഥാനവും 2018 നവംബറിൽ ധാരാണാപാത്രവും ഒപ്പുവച്ചിരുന്നു.

പക്ഷെ അതിനു ശേഷം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ആ തീരുമാനങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലുള്ളവയാണ്. ഈ വിഷയം  രാജ്യസഭയിൽ പ്രത്യേക പരാമർശമായി അവതരിപ്പിച്ചു.

ധാരണാപത്രം ഒപ്പുവയ്ക്കുന്ന സമയത്ത് പ്ലാന്റിന് സ്വന്തമായുള്ള ഭൂമിയുടെ വില കണക്കാക്കിയിരുന്നില്ലെന്നും ആ വില സംസ്ഥാനം നൽകിയാൽ മാത്രമേ ഇനി തുടർ നടപടികൾ എടുക്കാൻ കഴിയൂ എന്നുമാണ് കേന്ദ്ര നിലപാട്. ഈ ഭൂമി ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡിന്റെ യൂണിറ്റ് പാലക്കാട് ആരംഭിക്കുവാനായി കേരളം സൗജന്യമായി നൽകിയതാണ് എന്നോർക്കണം. അതേ ഭൂമിക്ക് വില നൽകണം എന്ന മുട്ടാപ്പോക്ക് ന്യായം എത്ര പരിഹാസ്യമാണ്? ഇത്തരത്തിൽ ഓരോ തടസവാദങ്ങൾ ഉയർത്തി കാര്യങ്ങൾ വൈകിക്കുക എന്ന തന്ത്രമാണ് ബിജെപി സർക്കാർ നടപ്പിലാക്കുന്നത്.

കേന്ദ്രസർക്കാർ ഈ നിലപാട് തിരുത്തണം എന്ന് സഭയിൽ ആവശ്യപ്പെട്ടു. സ്ഥാപനം കേരള സർക്കാരിന് വിട്ടുകൊടുക്കാൻ ആവശ്യമായ നടപടി എത്രയും വേഗം സ്വീകരിക്കണം. ഈ വിഷയത്തിൽ ബിജെപി സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് എളമരം കരീം എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News