രാത്രിയിലും ശ്രീലങ്കന്‍ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍… പലയിടങ്ങളിലും പൊലീസും ജനങ്ങളും ഏറ്റുമുട്ടി

രാത്രിയിലും ശ്രീലങ്കന്‍ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുന്ന സാഹചര്യത്തിലാണ് തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ഈ സാഹചര്യത്തിലുമാണ് ജനങ്ങള്‍ തെരുവിലറങ്ങി പല സ്ഥലങ്ങളിലും തീയിട്ടത്.

കൂടാതെ നെഗോമ്പോ പട്ടണത്തില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ ജനങ്ങള്‍ വളഞ്ഞു. മുന്‍ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. ഇതിനിടെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു.

അതേസമയം കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചിരുന്നു. പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം നടത്തിയത്.

കരകയറാനാകാത്ത സാമ്പത്തിക മേഖല, കുതിക്കുന്ന വിലക്കയറ്റം, സര്‍വയിടങ്ങളിലും കലാപസമാന പ്രതിഷേധങ്ങളും അക്രമങ്ങളുമാണ് ശ്രീലങ്കയുടെ ആഭ്യന്തര രംഗം. സര്‍ക്കാരിന്റെ അവസാന പ്രതിരോധമായ അടിയന്തരാവസ്ഥയും ഫലം കണ്ടില്ല.

രാജിവച്ചവരില്‍ പ്രമുഖനാണ് പ്രധാനമന്ത്രിയുടെ മകനും, യുവജന, കായിക വകുപ്പ് മന്ത്രിയുമായി നമല്‍ രജപക്‌സെ. ട്വിറ്ററിലൂടെയാണ് നമലിന്റെ രാജി പ്രഖ്യാപനം. ഇതിനിടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവര്‍ണ്ണര്‍ W D ലക്ഷമണ് രാജി വെച്ചിരുന്നു.

ഭീമമായ കടബാധ്യതയും ജിഡിപി തകര്‍ച്ചയും നേരിടുന്ന ശ്രീലങ്കയുടെ സാമ്പത്തിക രംഗം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലൂടെ ആഭ്യന്തര പ്രശ്‌നങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനാണ് സര്‍ക്കാരിന്‍റെ നിലവിലെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News