നവകേരളത്തിന് അടിത്തറ പാകിയ ഒന്നാം ഇ എം എസ് സർക്കാരിന്‍റെ 65-ാം വാര്‍ഷിക നിറവില്‍ കേരളം

നവകേരളത്തിന് അടിത്തറ പാകിയ ഒന്നാം ഇ എം എസ് സർക്കാർ അധികാരം ഏറ്റടുത്തിന്റെ 65 വാർഷികമാണിന്ന്. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭ ആയിരുന്നു അത്.

1957 ഏപ്രിൽ 5….തൊഴിലാളി വർഗ്ഗ രാഷ്ട്രീയ ചരിത്രത്തിലെ തിളക്കമുള്ള ഈ ദിനത്തിലാണ് ലോകത്താദ്യമായ് ജനാധിപത്യ പ്രക്രിയയിലൂടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിലേറുന്നത്…പുകൽപ്പെറ്റ കേരള മാതൃകയ്ക്ക് തുടക്കം കുറിച്ച ആ ചരിത്ര ചുവടിന് ഇന്നേക്ക് 65 വയസ്സ്….

നവ കേരള സൃഷ്ടിക്ക് അടിത്തറ പാകിയ ഒന്നാം ഇ എം എസ് മന്ത്രി സഭ കേരളത്തിൽ തുടക്കം കുറിച്ചത് കേവലം അധികാര മാറ്റത്തിന് മാത്രമല്ല സാമൂഹിക നവോത്ഥാനത്തിന് കൂടിയായിരുന്നു.

തൊട്ടുകൂടായ്മയും അടിമത്തവും ജന്മിത്തവുമെല്ലാം കൊടികുത്തി വാണിരുന്നൊരു സമൂഹത്തെ വികസിത രാജ്യങ്ങളിലെ വികസന മാതൃകകളെ പോലും അമ്പരിപ്പിക്കുന്ന തരത്തിലുള്ള സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ പ്രാപ്തമാക്കിയത് ഒന്നാം ഇ എം എസ് മന്ത്രി സഭയുടെ ദീർഘ വീക്ഷണം തന്നെയാണ്..

അതി പ്രഗൽഭരുടെ ഒരു കൂട്ടം തന്നെയായിരുന്നു ആദ്യ മന്ത്രി സഭ. നവ കേരളത്തിന് ദിശാ ബോധം നൽകിയ ഇ എം എസ്സ് നയിച്ച മന്ത്രി സഭയിൽ സി.അച്യുതമേനോനായിരുന്നു ധനകാര്യം കൈകാര്യം ചെയ്തിരുന്നത്. കെ.ആർ.ഗൗരിയമ്മ റവന്യു, എക്സൈസ് മന്ത്രിയായപ്പോൾ ടി.വി. തോമസിനായിരുന്നു തൊഴിൽ, ഗതാഗത വകുപ്പുകൾ.

ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ, സഹകരണ മന്ത്രിയായി. സ്വതന്ത്രാംഗം വി.ആർ.കൃഷ്ണയ്യർ നിയമ, ജലസേചന, വൈദ്യുതി മന്ത്രിയായി. കെ.പി.ഗോപാലൻ (വ്യവസായം), പി.കെ.ചാത്തൻ മാസ്റ്റർ (തദ്ദേശ ഭരണം), എ.ആർ.മേനോൻ (ആരോഗ്യം), കെ.സി. ജോർജ് (ഭക്ഷ്യം, വനം), പി.കെ.മജീദ് പൊതുമരാമത്ത് വകുപ്പും കൈകാര്യം ചെയ്തു.

ഭൂപരിഷ്കാരണ നിയമവും, വിദ്യാഭ്യാസ ബില്ലും, പാട്ടബാക്കി റദ്ദാക്കലും മാത്രമല്ല തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യ രക്ഷാ പദ്ധതികൾ തുടങ്ങിയ എണ്ണിയാലൊതുങ്ങാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ‌രണ്ടേകാൽ വർഷം മാത്രം ആയുസുണ്ടായിരുന്ന ആദ്യ മന്ത്രിസഭക്ക്‌ സാധിച്ചു.

കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഭൂപരിഷ്കരണ ബില്ല് നടപ്പിലാക്കാൻ ശ്രമിച്ചതോടെ ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഭൂമിക്ക് നിയന്ത്രണമുണ്ടാവുമെന്ന അവസ്ഥ വന്നു.. ഇത് ജൻമികൾക്കും പ്രമാണിമാർക്കുമിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ട്ടിച്ചു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന വിദ്യാഭ്യാസബിൽ സമുദായിക സംഘടനകൾക്കിടയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു.. മാധ്യമങ്ങളിലൂടെ നിരന്തര നുണ പ്രചാരങ്ങൾ സർക്കാരിനെതിരെ നിരന്തരം തൊടുത്തുവിട്ടു.

അനന്തരം കേരള ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധമായ പ്രക്ഷോഭമായി ചരിത്രകാരൻമാർ വിലയിരുത്തുന്ന വിമോചന സമരത്തിലേക്ക് അത് നയിച്ചു. സംഘർഷങ്ങൾക്കൊടുവിൽ രാജ്യത്ത് ആദ്യമായ് ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം പിരിച്ചു വിട്ടു.

തൊഴിലാളി വർഗ്ഗത്തിന്റെ ദത്തു പുത്രനെന്ന് സ്വയം വിശേഷിപ്പിച്ച ഇഎം എസ്സിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ആദ്യ സർക്കാർ അടിത്തറ പാകിയ വഴിയിലൂടെയാണ് നാം ഈ നവ കേരളം സൃഷ്ടിച്ചിരിക്കുന്നത്…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News