നിങ്ങളുടെ വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തിന്റെ വെളിച്ചം കെടുത്താതിരിക്കട്ടെ…

ഗുരുതരമായ റോഡപകടങ്ങൾ സംഭവിക്കുന്നതിനെതിരെ വളരെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുകയാണ് എം.വി.ഡി. കേരളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തിൽ എത്ര ദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ, ആ ദൂരത്തിനുള്ളിൽ നിർത്തുവാൻ കഴിയുന്ന വേഗതയിലെ വാഹനം ഓടിക്കാവൂ എന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

ഗുരുതരമായ റോഡപകടങ്ങൾ ഏറെയും സംഭവിക്കുന്നത് രാത്രിയിലാണ്. ഡ്രൈവർക്ക് ആപത്തിന്റെ (Hazards) സാന്നിദ്ധ്യം പകൽവെളിച്ചത്തിൽ കാണുന്നതു പോലെ വ്യക്തമായി രാത്രിയിൽ കാണാൻ കഴിയില്ല എന്നതാണ് ഇതിനു കാരണം. എതിരേ വരുന്ന വാഹനത്തിന്റെ അകലവും വേഗതയും കൃത്യമായി കണക്കാക്കാൻ രാത്രിയിൽ മസ്തിഷ്കത്തിന് സാധിക്കില്ല.

മാത്രമല്ല, കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകൾക്ക് അധികസമയം വേണ്ടി വരികയും ചെയ്യും. പകൽസമയത്ത് വളരെ ദൂരെയുള്ള കാര്യങ്ങൾ വരെ ഡ്രൈവർക്ക് നന്നായി കാണുവാൻ സാധിക്കും. എന്നാൽ രാത്രിയിൽ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അത്രയും ദൂരം കാണാൻ കഴിയില്ല. ചിലപ്പോൾ കടകളിലെയും മറ്റും ലൈറ്റുകൾ, ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തിൽ എത്ര ദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ, ആ ദൂരത്തിനുള്ളിൽ നിർത്തുവാൻ കഴിയുന്ന വേഗതയിലെ വാഹനം ഓടിക്കാവൂ.

രാത്രി വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ താഴെപ്പറയുന്ന സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ കഴിവതും ഹെഡ്ലാമ്പ്‌ ലോ ബീം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ ശീലിക്കുക.

വിന്റ് സ്ക്രീൻ ഗ്ലാസ്സും കണ്ണാടികളും വൃത്തിയാക്കിയിരിക്കണം.

എല്ലാ ലൈറ്റുകളും വൃത്തിയായും പ്രവർത്തനക്ഷമമായും സൂക്ഷിക്കുക.

കണ്ണഞ്ചിപ്പിക്കുന്ന അധിക ലൈറ്റുകൾ വാഹനത്തിൽ സ്ഥാപിക്കാതിരിക്കുക.

വിവിധ വർണ്ണങ്ങളിൽ ഉള്ള ലൈറ്റുകൾ വാഹനങ്ങളിൽ സ്ഥാപിക്കുന്നത് പലപ്പോഴും റോഡുപയോക്താക്കളിൽ ആശയക്കുഴപ്പത്തിന് ഇടവരുത്തും.

കാരണം റോഡിലെ ഓരോ നിറങ്ങളും റോഡുപയോക്താക്കളോട് സംസാരിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്നിലും, പിന്നിലും, വശങ്ങളിലും ഉപയോഗിക്കേണ്ട ലൈറ്റുകളുടെ നിറങ്ങളെ കുറിച്ച് നിയമം വ്യക്തമായി പറയുന്നുണ്ട്.

വാഹനത്തിന്റെ ലോഡ് അനുസരിച്ച് ഹെഡ്‌ലാമ്പ്‌ ലെവലർ അഡ്ജസ്റ്റ് ചെയ്യുക.

ടിന്റഡല്ലാത്ത കണ്ണടയേ ഡ്രൈവർ ഉപയോഗിക്കാവൂ.

കാൽനടക്കാരെ പ്രത്യേകം ശ്രദ്ധിക്കണം.

മറ്റു ഡ്രൈവർമാർക്ക് ബുദ്ധിമുട്ടു ണ്ടാകാതിരിക്കാൻ ഹെഡ്ലൈറ്റ് നേരത്തേതന്നെ ഡിപ് ചെയ്യുക. എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റിൽ നോക്കരുത്.

(ഹെഡ്ലൈറ്റിലേക്ക് നോക്കിയാൽ പ്രകാശത്തിന്റെ തീവ്രതമൂലം കുറച്ചു സമയത്തേക്ക് ഡ്രൈവർ അന്ധ നായതുപോലെയാകും (Temporary glare blindness). രണ്ട് സെക്കൻഡ് സമയത്തെ അന്ധത പോലും അപകടകരമാണ്. 80 കി.മീ. വേഗതയിൽ പോകുന്ന ഒരു വാഹനം ഈ സമയം കൊണ്ട് 45 മീറ്റർ മുന്നോട്ടു പോയിരിക്കും. (ഒരു ഫുട്ബോൾ കളിക്കളത്തിന്റെ പകുതി ദൂരം വരും).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News