ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത് ; സോണിയ ഗാന്ധി

കോൺഗ്രസ് അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സംഘടനയുടെ എല്ലാ തലങ്ങളിലും ഐക്യം പ്രധാനമാണെന്നും പാർലമെൻ്ററി പാർട്ടി യോഗത്തിൽ സോണിയ പറഞ്ഞു. G23യും അണികളും ഉയർത്തുന്ന വിമർശനങ്ങൾക്ക് മുന്നിൽ വഴങ്ങാൻ നിർബന്ധിതമാകുകയാണ് കോൺഗ്രസ് നേതൃത്വം.

പാർലമെൻ്റിൽ ചേർന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിലായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും കടുത്ത പരീക്ഷണമാണ് പാർട്ടി നേരിടുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി.

അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. സംഘടനയുടെ എല്ലാ തലങ്ങളിലും ഐക്യം പ്രധാനമാണ്. പാർട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുവെന്നും സോണിയ പറഞ്ഞു.ചിന്തൻ ശിബിർ ഉടനെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ഇതോടെ, G23 നേതാക്കൾ ഉയർത്തിയ വിമർശനങ്ങൾക്ക് മുന്നിൽ കോൺഗ്രസ് നേതൃത്വം വഴങ്ങാൻ നിർബന്ധിതമാകുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. നേതൃമാറ്റമെന്ന ആവശ്യം അണികൾക്കിടയിലും പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവരുന്ന ഘട്ടത്തിൽ സ്വന്തം കസേര നഷ്ടപ്പെടുത്താതെ സമവായം ഉറപ്പിക്കാനുള്ള ശ്രമമാണ് നെഹ്റു കുടുംബം നടത്തുന്നത്.

കേരളത്തിലെ കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ കഴിയാതെ നേതാക്കൾ സോണിയയെ കാണാനെത്തുന്ന സമയത്ത് കൂടിയാണ് സോണിയയുടെ പ്രതികരണം എന്നതും പ്രസക്തം. ഗ്രൂപ്പുകൾ തമ്മിലുള്ള ഐക്യമില്ലായ്മയിലും ഐഎൻടിയുസിയും ഔദ്യോഗിക ഗ്രൂപ്പുമായുള്ള തർക്കത്തിലും കലങ്ങി മറിയുകയാണ് കേരളത്തിലെ കോൺഗ്രസും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here