“സൗന്ദര്യമില്ലാത്ത സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ത്രീധനം നല്‍കുന്നതിലൂടെ വിവാഹം കഴിക്കാം”; സ്ത്രീധനത്തിന്റെ മാഹാത്മ്യം വിവരിച്ച് പാഠഭാഗം; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

സമൂഹത്തിലാകമാനം സ്ത്രീധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ സ്ത്രീധനത്തിന്റെ ഗുണങ്ങളെ പ്രകീര്‍ത്തിച്ച് പാഠപുസ്തകം തന്നെ രംഗത്തിറക്കിയാല്‍ എങ്ങനെയെരിക്കും. ഇത് കേട്ട് ആരും ഞെട്ടേണ്ട. സംഭവം സത്യമാണ്. ടെക്സ്റ്റ്ബുക്ക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്‌സസ് എന്ന പാഠപുസ്തകത്തിലാണ് ഇതുള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ട്വിറ്ററില്‍ അപര്‍ണയെന്ന അക്കൗണ്ട് വഴിയാണ് പ്രസ്തുത പാഠഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ടി.കെ. ഇന്ദ്രാണിയെന്നയാളാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ സിലബസ് അനുസരിച്ചാണ് പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ എന്ന പേരില്‍ താഴെ പറയുന്ന കാര്യങ്ങളാണ് പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്.

സ്ത്രീധനം നല്‍കുന്നതിലൂടെ പുതിയൊരു കുടുംബം സ്ഥാപിക്കാനാകും. വീട്ടിലേക്ക് ആവശ്യമായ വാഹനവും ഫ്രിജ്, ടിവി, ഫാന്‍ പോലുള്ള ഉപകരണങ്ങളും കട്ടില്‍, കിടക്ക, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും സ്ത്രീധനമായി നല്‍കുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്.

പിതാവിന്റെ സ്വത്തില്‍ ഒരു ഭാഗം പെണ്‍കുട്ടികള്‍ക്കു ലഭിക്കും.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം വര്‍ധിക്കും. സ്ത്രീധനം നല്‍കേണ്ട ഭാരമുള്ളതിനാല്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ കൂടുതലായി പഠിപ്പിക്കും. പെണ്‍കുട്ടികള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരോ ജോലി ഉള്ളവരോ ആണെങ്കില്‍ കുറഞ്ഞ സ്ത്രീധനത്തുകയെ ആവശ്യപ്പെടുകയുള്ളൂ.

സൗന്ദര്യമില്ലാത്ത സ്ത്രീകള്‍ക്കും ഉയര്‍ന്ന സ്ത്രീധനം നല്‍കുന്നതിലൂടെ വിവാഹം കഴിക്കാനാകും.

അതേസമയം പാഠഭാഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നരവധിപേരാണ് പുസ്തകത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here