നാല് വര്‍ഷത്തിനുള്ളില്‍ ദുരന്തനിവാരണ സാക്ഷരതാ യജ്ഞം പൂര്‍ത്തിയാക്കും: മന്ത്രി കെ.രാജന്‍

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്നും നാല് വര്‍ഷത്തിനകം അത് പൂര്‍ത്തീകരിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജന്‍. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പ് പുറത്തിറക്കിയ ഭൂമിക മാസികയുടെ പ്രകാശനം തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ലാന്‍ഡ് മാനേജ്‌മെന്റ്, റിവര്‍ മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ എം.ബി.എ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭൂമിക മാസിക പുറത്തിറക്കിയത്. കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, നദീതീര സംരക്ഷണം കേരളത്തില്‍, ദുരന്താനന്തര മാനസിക സാമൂഹിക പരിചരണം എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന മൂന്ന് കൈപ്പുസ്തകങ്ങളും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. കൈപുസ്തകങ്ങള്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിതരണം ചെയ്യും. റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും റവന്യൂ വകുപ്പിന്റെ യൂട്യൂബ് ചാനലും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ കൗണ്‍സിലര്‍ വി.ജി.ഗിരികുമാര്‍, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ഐ.എല്‍.ഡി.എം ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബു, ദുരന്ത നിവാരണ കമ്മിഷണര്‍ ഡോ.എ.കൗശികന്‍ എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News