ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂണ്‍ സഹായിക്കുമെന്ന് പുതിയ പഠനം

പാശ്ചാത്യ ഭക്ഷണ രീതി കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ കൂണുകള്‍ എത്രത്തോളം പരിഹരിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മസാചുസെറ്റ്സിലെ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനം വിശദമാക്കുന്നുണ്ട്. ഭക്ഷണത്തില്‍ കൂണുകള്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനവ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

വെയിലത്ത് ഉണക്കിയ ഓയിസ്റ്റര്‍ കൂണുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഏറെ പോഷകഗുണങ്ങള്‍ നല്‍കുമെന്നും പഠനത്തില്‍ പറയുന്നു. ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിന്‍ ഡിയും കൂണുകളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാശ്ചാത്യ ഭക്ഷണരീതി ഏത് തരത്തില്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുവോ അതിനെ ചെറുക്കാന്‍ കൂണുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പഠനത്തിന്റെ നിഗമനം.

പ്രകൃതിയില്‍ നിന്ന് തന്നെ കിട്ടുന്ന ഭക്ഷണ പദാര്‍ഥമായതിനാല്‍ അതിന്റെ ഗുണങ്ങളും ഏറെയാണ്. ഒട്ടുമിക്ക ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവാന്‍ കൂണുകള്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്നും ന്യൂട്രീഷ്യനിസ്റ്റും യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഷെന്‍ഹ്വാ ലിയു പറഞ്ഞു. പൊണ്ണത്തടി കൊണ്ടുണ്ടാവുന്ന ദഹന പ്രശ്നങ്ങളിലും മൊത്തം ദഹന വ്യവസ്ഥയിലും ടൂറിസിബാക്ടറിന്റെ സ്വാധീനം എന്താണെന്ന് പഠനത്തിലൂടെ കൂടുതല്‍ വ്യക്തത കൈവരുമെന്നും ഷെന്‍ഹ്വാ ലിയു പറഞ്ഞു.

ദഹനവ്യവസ്ഥയിലുണ്ടാവുന്ന പ്രശ്നങ്ങളാണ് ജീവിതശൈലിരോഗങ്ങളുടെ അടിസ്ഥാനം. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനശേഷിയില്‍ വരുന്ന മാറ്റങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ഷെന്‍ഹ്വാ ലിയു പറഞ്ഞു.

മോശം ഭക്ഷണരീതി കൊണ്ട് ഉണ്ടാവുന്ന പൊണ്ണത്തടി ശരീരത്തിലെ ടൂറിസിബാക്ടര്‍ എന്ന ബാക്ടീരിയയെ വല്ലാതെ കുറയ്ക്കുന്നുവെന്ന് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബാക്ടീരിയ മനുഷ്യരടക്കമുള്ള ജീവികളില്‍ ദഹനവ്യവസ്ഥയെ സുഗമമാക്കുന്നതായാണ് കണ്ടെത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here