മുല്ലപ്പെരിയാര്‍ കേസ്; നിലവിലുള്ള മേല്‍നോട്ട സമിതി തുടരുമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ കേസില്‍ തല്‍ക്കാലത്തേക്ക് നിലവിലുള്ള മേല്‍നോട്ട സമിതി തുടരുമെന്ന് സുപ്രീം കോടതി. കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താല്‍ക്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി വ്യാഴാഴ്ച ഉത്തരവിറക്കുമെന്നും എ എം ഘാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ ഉയര്‍ത്തിയിരുന്നത്. കേന്ദ്രാഭിപ്രായത്തോട് തമിഴ്‌നാടും അനുകൂല നിലപാടാണ് എടുത്തത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വന്ന ശേഷം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം പൂര്‍ണമാകാന്‍ ഒരു വര്‍ഷമെടുക്കുമെന്നും ഇപ്പോഴുള്ള മേല്‍നോട്ട സമിതി തുടരാമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടറിയിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന കേന്ദ്ര ജല കമ്മീഷന് വേണ്ടി ഐശ്വര്യ ഭാട്ടിയാണ് സുപ്രീകോടതിയില്‍ നിലപാട് അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് നിലവിലുള്ള മേല്‍നോട്ട സമിതി തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞത്.

മേല്‍നോട്ട സമിതിക്ക് നിയമപരമായ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് വ്യാഴാഴ്ച എ എം ഘാന്‍വില്‍കര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിറക്കും. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ ലഭിക്കുന്നതോടെ അണക്കെട്ടിന്റെ പരിപാലനം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ വിഷയങ്ങളില്‍ മേല്‍നോട്ട സമിതിക്ക് തീരുമാനം എടുക്കാന്‍ കഴിയും. കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഓരോ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here