വ്യാജ അബ്കാരി കേസ്; പ്രതികളാക്കി ജയിലിലടച്ച രണ്ടുപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

വ്യാജ അബ്കാരി കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ക്ക് രണ്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. നഷ്ടപരിഹാരത്തുക ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്ന വരികള്‍ ഉത്തരവില്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

വ്യാജച്ചാരായ കേസുകളില്‍ കുടുക്കി ഇവരെ രണ്ട് രണ്ട് മാസത്തോളം ജയിലിലടച്ചിരുന്നു. വ്യാജ മദ്യ ലോബിയുടെ സ്വാധീനത്തിനു വഴങ്ങിയാണ് ഇരുവരെയും കേസുകളില്‍ പ്രതിചേര്‍ത്തതെന്നു കണ്ടെത്തിയാണ് കോടതി ഉത്തരവ്. പത്തനാപുരം സ്വദേശി അനില്‍കുമാറും കരുനാഗപള്ളി സ്വദേശി ആര്‍ പ്രകാശുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്.

അകാരണമായി ജയിലില്‍ കഴിഞ്ഞവര്‍ക്ക് ഉണ്ടാകുന്ന മാനസികാഘാതം വളരെ വലുതാണെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അബ്കാരി കേസുകളുടെ അന്വേഷണത്തെയും നടത്തിപ്പിനെയും കുറിച്ച് വിശദപരിശോധന വേണമെും ഹൈക്കോടതി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത അബ്കാരി കേസുകള്‍ വിശദമായി പരിശോധിക്കണമെന്നും അബ്കാരി കേസുകള്‍ പരിശോധിക്കുന്നതിന് കമ്മിഷനെ നിയോഗിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here