ചെങ്കൊടി ഉയർന്നു; സിപിഐഎം പാർട്ടി കോൺഗ്രസിന്‌ തുടക്കം

ഇതിഹാസപോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ കൊടി ഉയർന്നു. സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പതാക ഉയർത്തി.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ്‌ ഉദ്‌ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. വൈകിട്ട്‌ നാലിന്‌ രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന്‌ പൊതുചർച്ച തുടങ്ങും.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ്‌ പങ്കെടുക്കുന്നത്‌.ചൊവ്വാഴ്‌ച പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്ന്‌ പാർട്ടി കോൺഗ്രസിലെ നടപടിക്രമങ്ങൾ അംഗീകരിച്ചു.

സമരത്തീച്ചൂളയിൽ പൊരുതിയ അനുഭവവുമായാണ്‌ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ പ്രതിനിധികൾ പാർട്ടി കോൺഗ്രസിന്‌ എത്തിയത്‌. 25 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചൊവ്വ വൈകിട്ടോടെ കണ്ണൂരിൽ എത്തിച്ചേർന്നു.

17 പൊളിറ്റ്‌ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. കൂടുതൽ പേർ കേരളത്തിൽ നിന്നാണ്‌ – 178. പശ്ചിമബംഗാളിൽനിന്ന്‌ 163 പേരും ത്രിപുരയിൽനിന്ന്‌ 42 പേരുമുണ്ട്‌. ഗോവ, ആൻഡമാൻ എന്നിവിടങ്ങളിൽനിന്ന്‌ ഓരോ പ്രതിനിധി.

ജനകീയാവശ്യങ്ങൾ ഉയർത്തി നടത്തിയ പോരാട്ടങ്ങളിൽ പ്രവർത്തകർക്ക്‌ ജീവൻ നഷ്ടപ്പെട്ടതും പരിക്കുപറ്റിയതുമടക്കം ഒട്ടനവധി ത്യാഗഗാഥകളാണ്‌ കണ്ണൂരിലെത്തിയവർക്ക്‌ പറയാനുള്ളത്‌.

ഹരിയാന, പഞ്ചാബ്‌, ഹിമാചൽപ്രദേശ്‌, രാജസ്ഥാൻ തുടങ്ങി സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവർ ഉത്തരേന്ത്യയിലെ വളർച്ച തെളിയിക്കുന്നു. കർഷകരുടെയും സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ഉയർത്തി ഹരിയാനയിൽ നടന്ന അത്യുജ്വല പ്രക്ഷോഭങ്ങളിലൂടെ ലക്ഷക്കണക്കിനുപേരുടെ പിന്തുണയാണ്‌ സിപിഐ എമ്മിനും ഇടതുപ്രസ്ഥാനങ്ങൾക്കും ലഭിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here