
കരയിൽനിന്നുള്ള കാഴ്‌ചകൾക്കൊപ്പം തിരയുടെ താളത്തിൽ കടലറിയാനും ഓളത്തിനൊപ്പം കായൽക്കാഴ്‌ചകളിൽ ഒഴുകിനടക്കാനും ‘ഒഴുകുന്ന പാലം’ വരുന്നു.
മലപ്പുറം ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ‘ഫ്ലോട്ടിങ് ബ്രിഡ്‌ജ് ’ സംവിധാനം ഒരുക്കുന്നത്. അഡ്വഞ്ചർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹസിക വിനോദ മേഖലയിലെ നൂതന തരംഗമായ ‘ഫ്ലോട്ടിങ് ബ്രിഡ്‌ജ്’ സംവിധാനം ജില്ലയിലും യാഥാർഥ്യമാക്കുന്നത്.
ആദ്യഘട്ടത്തിൽ പടിഞ്ഞാറെക്കര ബീച്ച്, ബിയ്യം കായൽ എന്നിവിടങ്ങളിലാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഒരുക്കാൻ പദ്ധതി തയ്യാറാക്കുന്നത്. പടിഞ്ഞാറെക്കര ബീച്ചിൽ ബേപ്പൂർ മോഡൽ ഫ്ലോട്ടിങ് ബ്രിഡ്ജാണ് യാഥാർഥ്യമാക്കുക.
എങ്കിലും ബീച്ചിലെ തിരയുടെ സ്വഭാവംകൂടി പരിഗണിച്ചായിരിക്കും നിർമാണം. ബിയ്യം കായലിൽ അനുയോജ്യമായ മാതൃകയിലും ബ്രിഡ്‌ജ് യാഥാർഥ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അഡ്വഞ്ചർ ടൂറിസം പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്ന അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ഡിടിപിസി താൽപ്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്.
ആ പാലം ഇങ്ങനെ
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ – ഡെൻസിറ്റി പോളിഎത്തിലീൻ (എച്ച്‌ഡിപിഇ) ബ്ലോക്കുകൾകൊണ്ടാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് നിർമിക്കുക. പിന്നീട് പാലത്തിനെ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് കരയിൽ ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കും.
ഫൈബർ നിർമിത പാലത്തിലെ പ്ലാസ്റ്റിക് കട്ടകൾ ലോക്കുചെയ്ത് അടുക്കിവച്ച് മുകളിൽ നടക്കാൻ അനുയോജ്യമാകുന്നരീതിയിൽ സജ്ജമാക്കും. സുരക്ഷക്കായി ബ്രിഡ്‌ജിന്റെ രണ്ടുഭാഗത്തും കൈവരികളും സജ്ജമാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here