കോൺഗ്രസിന് മോദിയുടെ രൂക്ഷ വിമർശനം; ചില രാഷ്ട്രീയ പാർട്ടികൾ പതിറ്റാണ്ടുകളോളം നടത്തിവന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം

സ്വജനപക്ഷപാതവും അഴിമതിയുമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ പാർശ്വഫലങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 42-ാം സ്ഥാപക ദിനത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിന് നേരെയും മോദിയുടെ രൂക്ഷ വിമർശനം.

രണ്ട് ധ്രുവങ്ങളായി ലോകം മാറുമ്പോൾ ഇന്ത്യ കരുത്തോടെ മനുഷ്യത്വത്തിനായി സംസാരിക്കുകയാണെന്നും മോദി അവകാശപ്പെട്ടു. ബിജെപി 42-ാം സ്ഥാപകദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ വിർച്വൽ പ്രസംഗത്തിൽ കോൺഗ്രസിനെ ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ ആക്ഷേപങ്ങൾ സ്വയം തിരിഞ്ഞുകുത്തുന്നത് കൂടിയായി.

ചില രാഷ്ട്രീയ പാർട്ടികൾ പതിറ്റാണ്ടുകളോളം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തിവന്നത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ പാർശ്വഫലങ്ങളെന്നും മോദി പറഞ്ഞു.

എന്നാൽ, ബിജെപിയാണ് ഇതിനെ വെല്ലുവിളിച്ചതെന്നും അതിൻ്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തിയത് എന്ന് ന്യായീകരിക്കാനും മോദി മറന്നില്ല.

രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികളുടെ അധികാരം ഇപ്പോഴും നാടുവാഴി കുടുംബങ്ങളാണ് കയ്യാളുന്നതെന്നും മോദി വിമർശിച്ചു. രാജ്യത്തെ ജനങ്ങളിൽ നിരാശ ബാധിച്ച ഒരു ഭരണകാലമുണ്ടായിരുന്നു. ഇന്ന്, ബിജെപി ഭരണത്തിൻ കീഴിൽ വലിയ മാറ്റമുണ്ടാകുന്നുവെന്നും മോദി വാദിച്ചു.

രണ്ട് ധ്രുവങ്ങളായി ലോകം മാറുമ്പോൾ ഇന്ത്യ കരുത്തോടെ മനുഷ്യത്വത്തിനായി സംസാരിക്കുകയാണെന്നായിരുന്നു മോദിയുടെ മറ്റൊരു അവകാശവാദം.

നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വീണ്ടും അധികാരത്തിൽ എത്താനും രാജ്യസഭാംഗങ്ങളുടെ എണ്ണം നൂറിലെത്തിക്കാനും കഴിഞ്ഞത് വിജയമാണെന്നും മോദി പറഞ്ഞു.യോഗത്തിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here