സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കെ-റെയില്‍ പദ്ധതിയെ വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതിയെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുന്നതാണ് സില്‍വര്‍ലൈന്‍ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

താമസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. കണ്ണൂരിലെ ഇ.കെ നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറില്‍ മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ 17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here