താളിയോല രേഖാമ്യൂസിയം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഒരു കോടിയിലധികമുള്ള താളിയോലകള്‍ സംരക്ഷിക്കുന്ന താളിയോല രേഖാമ്യൂസിയം തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിലെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. സംസ്ഥാന പുരാരേഖാ വകുപ്പിന്റെ രേഖകളുടെ ശാസ്ത്രീയ സംരക്ഷണം, വിഷയസൂചിക തയ്യാറാക്കല്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ചരിത്ര പഠനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് ഹെറിറ്റേജ് സെന്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പുരാരേഖകള്‍ കൈമാറാന്‍ തയ്യാറല്ലാത്തവരുടെ കൈവശമുള്ള രേഖകള്‍ അതത് സ്ഥലങ്ങളില്‍ തന്നെ സംരക്ഷിച്ചുകൊണ്ടുള്ള കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് നടപ്പാക്കുന്നതിനുള്ള സൗകര്യങ്ങളും വകുപ്പിന് കീഴില്‍ ഒരുക്കുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുരാരേഖകള്‍ കൈവശമുള്ളത് കേരള ആര്‍ക്കൈവ്‌സിനാണ്. ശിലാലിഖിതങ്ങള്‍, ചെപ്പേടുകള്‍, മുളക്കരണങ്ങള്‍, മരവുരി, തുകല്‍, താളിയോല, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകള്‍, പഴയ സര്‍ക്കാര്‍ ഗസറ്റുകള്‍, ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റിവ് റിപ്പോര്‍ട്ടുകള്‍ തുടങ്ങി വലിയ ശേഖരമാണ് ആര്‍ക്കൈവ്‌സ് വകുപ്പിലുള്ളത്. ഈ രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഡിജിറ്റലൈസ് ചെയ്ത രേഖകള്‍ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഗവേഷകര്‍, ചരിത്രാന്വേഷികള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ രേഖകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള വിഷയസൂചിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയില്‍ വി.കെ പ്രശാന്ത് എം. എല്‍. എ അധ്യക്ഷനായി. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ റീന കെ.എസ്. പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. ബിജു, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി. എസ് പ്രിയദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News