ഐ എസ് എല്‍ മത്സരങ്ങള്‍ക്ക് വീണ്ടും കൊച്ചി വേദിയാകുന്നു

ഐ എസ് എല്‍ മത്സരങ്ങള്‍ക്ക് വീണ്ടും കൊച്ചി വേദിയാകുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ഐ എസ് എല്ലിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടുകൂടിയായ കൊച്ചിയില്‍ ഇക്കുറി 10 മത്സരങ്ങള്‍ അരങ്ങേറുമെന്നും ജി സി ഡി എ യും കേരള ബ്ലാസ് റ്റേഴ്‌സും ചേര്‍ന്നിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സും ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കലൂര്‍ സ്റ്റേഡിയം വീണ്ടും ഐഎസ് എല്ലിന് വേദിയാകുന്ന കാര്യത്തില്‍ ധാരണയായത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീളുന്ന ഐ എസ് എല്ലിന്റെ 10 മത്സരങ്ങള്‍ക്ക് കലൂര്‍ സ്റ്റേഡിയം വേദിയാകും. ഉദ്ഘാടന മത്സരവും കൊച്ചിയില്‍ നടത്താനാണ് തീരുമാനം. ഓഗസ്റ്റോടെ ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി പരിശീലനം തുടങ്ങും.കഴിഞ്ഞ രണ്ട് സീസണും ഗോവയായിരുന്നു ഐ എസ് എല്ലിന് വേദിയായത്.

ഐ എസ് എല്ലിന് കൊച്ചി വീണ്ടും വേദിയാകുന്ന സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം പരിസരം കൂടുതല്‍ ആകര്‍ഷകമാക്കുക, അശാസ്ത്രീയമായ പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കുള്ള ആരാധക പിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങള്‍ ലൈവ്‌സ്ട്രീമിങ് നടത്തിയപ്പോഴുണ്ടായ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതല്‍ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എയും കേരള ബ്ലാസ്റ്റേഴ്‌സും സംയുക്തമായി സമയബന്ധിതമായി നടത്തിവരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നല്‍കും. കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിനും കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവരാനും ജിസിഡിഎയും ബ്ലാസ്റ്റേഴ്‌സും ഒരുമിച്ച് ശ്രമിക്കുമെന്നും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News