ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിശാല ഇടതുമതേതര മുന്നണി ശക്തിപ്പെടുത്തണം ; കോടിയേരി ബാലകൃഷ്‌ണൻ

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും രാജ്യത്ത്‌ തീവ്ര വർഗീയതയും കോർപ്പറേറ്റ്‌വൽക്കരണവും അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള വിശാല ഇടതുമതേതര മുന്നണി ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ആഹ്വാനവുമായാണ്‌ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ കണ്ണൂരിന്റെ ചുവന്ന മണ്ണിൽ തുടക്കം കുറിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം വേദിയാകുന്ന ഈ സമ്മേളനത്തെ രാജ്യമാകെ ഉറ്റുനോക്കുകയാണ്‌. സമ്മേളനം റിപ്പോർട്ട്‌ ചെയ്യാൻ ദേശീയ മാധ്യമങ്ങളുടെ വൻനിര എത്തിയതും ഈ സമ്മേളനത്തിന്റെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു.

1939ൽ കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ പരസ്യപ്രവർത്തനത്തിന്‌ തീരുമാനമെടുത്ത, രഹസ്യസമ്മേളനത്തിന്‌ വേദിയായത്‌ കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രമാണ്‌. എട്ട്‌ പതിറ്റാണ്ടിനുശേഷം, ചരിത്രത്തിൽ ആദ്യമായാണ്‌ പാർട്ടി കോൺഗ്രസിന്‌ കണ്ണൂർ വേദിയാകുന്നത്‌.

അതേ വിപ്ലവ ഭൂമിയിൽ പുതിയ പോരാട്ടത്തിനും മുന്നേറ്റത്തിനും ആവശ്യമായ ചർച്ചകളാകും ഇനിയുള്ള ദിവസങ്ങളിൽ നടക്കാൻ പോകുന്നത്‌.നാല്‌ വർഷം മുമ്പ്‌ 2018 ഏപ്രിലിലാണ്‌ ഹൈദരാബാദിൽ 22-ാം പാർട്ടി കോൺഗ്രസ്‌ ചേർന്നത്‌.

തുടർന്നുള്ള നാല്‌ വർഷം രാജ്യത്ത്‌ ബിജെപി സർക്കാരിനെതിരായ അതിശക്തമായ പ്രക്ഷോഭങ്ങളാണ്‌ നടന്നത്‌. ആ സമരം കൂടുതൽ ശക്തിപ്പെടുത്തുകയും അതോടൊപ്പം ബിജെപി സർക്കാരിനെ 2014ലെ തെരഞ്ഞെടുപ്പിൽ താഴെയിറക്കുകയും ചെയ്യുന്നതിനുള്ള ജനകീയ മുന്നേറ്റം അനിവാര്യമായിരിക്കുകയാണ്‌.

അത്തരം സന്ദർഭത്തിൽ ചേരുന്ന ഈ സമ്മേളനത്തിലും ഇനിയുള്ള ദിവസങ്ങളിലുള്ള ചർച്ചകളും തീരുമാനങ്ങളുമായിരിക്കും ഉണ്ടാകാൻ പോകുന്നത്‌. ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ മുതിർന്ന പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കം കുറിച്ചത്‌.

തുടർന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജനറൽ സെക്രട്ടറി  ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു. സഹോദര പാർട്ടിയായ സിപിഐ ജനറൽ സെക്രട്ടറിയും ഊന്നൽ നൽകിയത്‌ ഇടതുപക്ഷ ഐക്യത്തിനും വിശാല മതേതര മുന്നണിയുടെ വിപുലീകരണത്തിനുമാണ്‌.

ഇടതുപക്ഷ പാർട്ടികളായ ഓൾ ഇന്ത്യ ഫോർവേർഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി, സിപിഐ എംഎൽ (ലിബറേഷൻ) എ്ന്നിവയുടെ ജനറൽ സെക്രട്ടറിമാർക്ക്‌ വിവിധ കാരണങ്ങളാൽ പങ്കെടുക്കാനായില്ല.

എങ്കിലും അവർ അയച്ച സന്ദേശങ്ങളും സമ്മേളനത്തിൽ വായിച്ചു. ആ പാർട്ടി നേതാക്കളും സിപിഐ എമ്മും സിപിഐയും ഉയർത്തിപ്പിടിക്കുന്ന അതേ ആശയങ്ങളാണ്‌ സന്ദേശങ്ങളിൽ പങ്കുവെച്ചത്‌.വിദേശ പാർട്ടി പ്രതിനിധികളെ ഇപ്പൊൾ സിപിഐ എം സമ്മേളനത്തിലേക്ക്‌ ക്ഷണിക്കാറില്ല. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 37 കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പാർട്ടികളാണ്‌ പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്‌ത്‌ സന്ദേശമയച്ചത്‌.

ലോകമെങ്ങുമുള്ള പൊരുതുന്ന പ്രസ്ഥാനങ്ങൾക്ക്‌ സിപിഐ എമ്മിനോടുള്ള ഐക്യപ്പെടലിന്റെ വിളംബരം കൂടിയാണ്‌ ആ സന്ദേശങ്ങൾ. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി, വിയറ്റ്‌നാം കമ്യൂണിസ്‌റ്റ്‌ പാർട്ടി, റഷ്യൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി, ലാവോസ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി, കൊറിയൻ വർക്കേഴ്‌സ്‌ മൂവ്‌മെന്റ്‌ തുടങ്ങിയ പാർട്ടികളാണ്‌ സന്ദേശമയച്ചത്‌.

സ്വാഗത സംഘം ചെയർമാൻ കൂടിയായ പോളിറ്റ്‌ ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതപ്രസംഗത്തിൽ കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ മുന്നേറ്റത്തിന്റെ ചരിത്രവും നിലവിലുള്ള സർക്കാരും മുൻ ഇടതുപക്ഷ സർക്കാരുകളും നടപ്പാക്കിയതും നടപ്പാക്കുന്നതുമായ ക്ഷേമ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പോളിറ്റ്‌ ബ്യൂറോ അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ  മണിക്‌ സർക്കാർ അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനം എഴുത്തുകാരും കലകാരൻമാരുമുൾപ്പെടെയുള്ള പ്രതിഭകളുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി.

കണ്ണൂർ ബിഷപ്‌ അലക്‌സ്‌ വടക്കുംതല തുടങ്ങിയ മത–സാമുദായിക നേതാക്കളും സമ്മേളനത്തിനെത്തി. എല്ലാ വിഭാഗം ജനങ്ങളും പ്രതീക്ഷയോടെയാണ്‌ സിപിഐ എമ്മിനെ ഉറ്റുനോക്കുന്നത്‌ എന്ന്‌ ഇതിൽ നിന്നും കൂടി വ്യക്തമാണ്‌.

കഥാകൃത്ത്‌ ടി പത്‌മാനഭൻ, ഗാനരചയിതാവ്‌ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രശസ്‌ത സിനിമാ സംവിധായകൻ ഷാജി എൻ കരുൺ, നടൻ മധുപാൽ, ഗായിക സയനോര തുടങ്ങിയ പ്രതിഭകളാണ്‌ ഉദ്‌ഘാടന സമ്മേളനത്തെ പ്രൗഢമാക്കിയത്‌. ഉച്ചയ്‌ക്ക്‌ ശേഷം ജനറൽ സെക്രട്ടറി സംഘടനാ പ്രമേയം അവതരിപ്പിച്ചു. തുടർന്ന്‌ 26 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അതാത്‌ സംസ്ഥാന ഘടകങ്ങൾക്ക്‌ കീഴിൽ ഗ്രൂപ്പ്‌ ചർച്ച ആരംഭിച്ചു.

കാലത്ത്‌ പൊതുചർച്ച ആരംഭിക്കും. തുടർന്ന്‌ സമ്മേളനം അംഗീകരിക്കുന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാകും അടുത്ത പാർട്ടി കോൺഗ്രസ്‌ വരെയുളള പാർടിയുടെ രാഷ്‌ട്രീയ നിലപാടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here