ആര്‍ടിഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ മരണം; ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തി

വയനാട് മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി സിന്ധുവിന്റെ മരണത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. സിന്ധുവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. ഓഫീസിലെ സഹ ജീവനക്കാരുടെ മാനസിക പീഡനം സ്ഥിരീകരിക്കുന്നതാണ് കത്ത്. അതേസമയം, വിഷയത്തില്‍ ഗതാഗത മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാരിയായ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. സിന്ധു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ലാപ്‌ടോപും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് ഡയറിയും ചില കുറിപ്പുകളും കണ്ടെത്തി. ഓഫീസിലെ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സ്ഥിരീകരിക്കുന്ന ആത്മഹത്യാകുറിപ്പാണ് ലഭിച്ചിരിക്കുന്നത്.

ഓഫീസില്‍ പലരില്‍ നിന്നും അധിക്ഷേപവും അപമാനവും നേരിട്ടെന്നും കൈക്കൂലി വാങ്ങിയില്ലെങ്കില്‍ ഒറ്റപ്പെടുമെന്നുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കത്തിലുണ്ട്. വിഷയത്തില്‍ മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. വകുപ്പുതല അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കല്‍പറ്റയിലെത്തും. മാനന്തവാടി സബ് ഓഫിസിന്റെ ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയെ വിളിച്ചുവരുത്തും. ഗതാഗത വകുപ്പ് മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് സിന്ധുവിന്റെ മരണത്തില്‍ ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മാനന്തവാടി ഓഫിസിലെ പ്രശ്‌നങ്ങളില്‍ കല്‍പ്പറ്റ ആര്‍ടിഒയെനേരില്‍ കണ്ട് സിന്ധു 3 ദിവസം മുന്‍പ് പരാതി നല്‍കിയിരുന്നു. ഈ പരാതി അവഗണിക്കപ്പെട്ടതോടെയാണ് സിന്ധു ആത്മഹത്യ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News