സാങ്കേതിക സർവകലാശാല: 50 ഏക്കർ ഭൂമി സർവ്വകലാശാലയ്ക്ക് കൈമാറി തുടങ്ങി

കാട്ടാക്കട മണ്ഡലത്തിലെ വിളപ്പിൽശാലയിൽ ആരംഭിക്കുന്ന ഡോ. എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലക്കായി ഭൂവുടമകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം റവന്യൂ വകുപ്പ് ഏറ്റെടുത്ത 50 ഏക്കർ ഭൂമിയാണ് സർവ്വകലാശാലയ്ക്ക് കൈമാറുന്നത്.

ലാൻഡ് റവന്യു ഡപ്യൂട്ടി കളക്ടർ ജേക്കബ് ജോൺ ഏറ്റെടുത്ത ഭൂമിയുടെ റവന്യു രേഖകൾ ഐ.ബി.സതീഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീക്ക് കൈമാറിക്കൊണ്ട് കൈമാറ്റ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചു. 2022 ഏപ്രിൽ 7, 8 തീയതികളിലായി 50 ഏക്കർ ഭൂമിയും സർവ്വകലാശാലയ്ക്ക് കൈമാറും.

2022 മെയ് ആദ്യ വാരത്തോടുകൂടി ഏറ്റെടുത്ത ഈ 50 ഏക്കറിന്റെ ഭൂവുടമകൾക്കും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും. 136 ഭൂവുടമകൾക്കുമായി 184 കോടി രൂപയാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. ഇതിനുള്ള നടപടി ക്രമങ്ങളാണ് വരും ദിവസങ്ങളിൽ നടക്കുക. അഞ്ചു കാറ്റഗറിയായി തിരിച്ചാണ്‌ നഷ്‌ടപരിഹാരം കണക്കാക്കിയിട്ടുള്ളത്‌.

എ കാറ്റഗറിയിൽ 4.65 ലക്ഷവും ബിയിൽ 4.22 ലക്ഷവും സിയിൽ 3.38 ഡിയിൽ 2.74 ലക്ഷവും ഇ യിൽ 1.06 ലക്ഷവും നൽകും. വീട്‌ നഷ്‌ടപ്പെടുന്നവർക്ക്‌ അധികമായി 4.60 ലക്ഷവും വീടും കാലിത്തൊഴുത്തും നഷ്‌ടപ്പെടുന്നവർക്ക്‌ 5.10 ലക്ഷവും ലഭിക്കും. സാങ്കേതിക സർവ്വകലാശാല ആസ്ഥാന നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിന് വേണ്ടി 405 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ കൂടെ ചേർത്ത് ആകെ 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രൊ വൈസ് ചാൻസലർ ഡോ.അയൂബ്, റജിസ്ട്രാർ ഡോ.പ്രവീൺ, സ്പെഷ്യൽ ഓഫീസർ ബേബി ജോൺ, ലാൻഡ് റവന്യു തഹസിൽദാർ പ്രേംലാൽ, സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ.ജമുന, അഡ്വ.ഐ.സാജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്തംഗം രേണുക, ചൊവ്വള്ളൂർ വാർഡ് മെമ്പർ ചന്ദ്രബാബു, ഭൂവുടമകൾ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News