നടിയെ ആക്രമിച്ച കേസ്: അഡ്വ. ബി രാമന്‍പിള്ളയ്ക്ക് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ അഭിഭാഷകനായ അഡ്വ ബി രാമന്‍പിളളയ്ക്ക് ബാര്‍ കൗണ്‍സിലിന്‍റെ നോട്ടീസ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ നേതൃത്വം നല്‍കിയെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപിന്‍റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയെന്ന അതിജീവതയുടെ പരാതിയിലാണ് ബാര്‍ കൗണ്‍സിലിന്‍റെ നടപടി. അഡ്വ ബി രാമന്‍പിളള, അഡ്വ ഫിലിപ്പ് ടി വര്‍ഗ്ഗീസ് എന്നിവര്‍ അഭിഭാഷകവൃത്തിക്ക് യോജിക്കാത്ത വിധം പ്രവര്‍ത്തിക്കുകയും ചട്ടലംഘനം നടത്തുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. രേഖാമൂലം പരാതി സ്വീകരിച്ച ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് അഭിഭാഷകര്‍ക്ക് നോട്ടസയച്ചത്. അതിജീവിതയുടെ ആരോപണത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. മറുപടി ലഭിക്കുന്ന മുറയ്ക്ക് അതിജീവിതയില്‍ നിന്നും വീണ്ടും അഭിപ്രായം തേടും.

പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ അടക്കം ഹാജരാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ബാര്‍ കൗണ്‍സിലിന് അധികാരമുണ്ട്. മാര്‍ച്ച് 16നാണ് അിതിജീവിത ഇ മെയില്‍ മുഖേന ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്. എന്നാല്‍ ചട്ടപ്രകാരമല്ല, പരാതി സമര്‍പ്പിച്ചതെന്ന് ബാര്‍ കൗണ്‍സില്‍ അറിയിക്കുകയായിരുന്നു.

പിന്നീട് ഏപ്രില്‍ 5ന് ഫീസടച്ച് ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം അതിജീവിത പരാതി നല്‍കുകയായിരുന്നു. ദിലീപിന്‍റെ ഫോണിലെ ശാസ്ത്രീയ തെളിവുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലെത്തിച്ച് നശിപ്പിച്ചത് അഭിഭാഷക സംഘമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസിലെ സാക്ഷികളെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here