
വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊച്ചി കോർപ്പറേഷൻ കൗൺസിലറും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിൻ ദേവസ്സിയെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിൽ ബിസിനസ് നടത്തുന്ന കാസർകോഡ് സ്വദേശിയുടെ പരാതിയിലാണ് ടിബിൻ ഉൾപ്പടെ 3 പേർ അറസ്റ്റിലായത്.
കൊച്ചി കോർപ്പറേഷൻ മുപ്പതാം വാർഡ് കൗൺസിലറും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിൻ ദേവസ്സിയെക്കൂടാതെ കാസർകോഡ് സ്വദേശി ഫയാസ്, ഷെമീർ എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ..കാസർകോട് സ്വദേശി ഫയാസും പരാതിക്കാരനും ഖത്തറിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ കാലയളവിൽ പരാതിക്കാരൻ ഫയാസിന് നാൽപത് ലക്ഷം രൂപ നൽകാനുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി.
കഴിഞ്ഞ ദിവസം ഉച്ചയോടെ പരാതിക്കാരന്റെ ഇടപ്പള്ളിയിലെ സ്ഥാപനത്തിലെത്തിയ ടിബിനും, ഫയാസും ഉൾപ്പടെയുള്ള പത്തംഗ സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരന്റെ ഭാര്യാ പിതാവ് ജോലി ചെയ്യുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഭീഷണിപ്പെടുത്തി ഭാര്യാ പിതാവിന്റെ അക്കൗണ്ടിൽനിന്ന് 2 ലക്ഷം രൂപ പ്രതികൾ ഫയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് 20 ലക്ഷം രൂപ കൂടി നൽകാമെന്ന് മുദ്രപത്രത്തിൽ എഴുതി വാങ്ങി. ഇതെത്തുടർന്ന് കാസർകോഡ് സ്വദേശി രാത്രിയോടെ എളമക്കര പൊലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐ യുടെ കൊടിമരം നശിപ്പിച്ചതിനുൾപ്പടെ നിരവധി കേസുകൾ ടിബിന്‍ ദേവസിയുടെ പേരിലുണ്ട്. എറണാകുളം ലോ കോളേജിൻ്റെ മതിൽ ചാടിക്കടന്ന് എസ് എഫ് ഐ യുടെ കൊടിമരം നശിപ്പിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here