സിപിഐഎം സെമിനാറില്‍ നിന്ന് കെ വി തോമസിനെ വിലക്കിയതില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്

സിപിഐഎം സെമിനാറില്‍ നിന്ന് കെ വി തോമസിനെ വിലക്കിയതില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്. സിപിഐഎം സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പും പങ്കെടുത്തിട്ടില്ലേയെന്ന കെ വി തോമസിന്റെ ചോദ്യത്തിന് നേതാക്കള്‍ക്ക് മറുപടിയില്ല.

സിപിഐഎം സമ്മേളന സെമിനാറുകളില്‍ പങ്കെടുത്ത രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. അതേസമയം കെ വി തോമസിനെതിയുള്ള അച്ചടക്കനടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്.

സിപിഐഎം പാര്‍ട്ടി സമ്മേളന വേദികളിലെ സെമിനാറുകളില്‍ ഇതിന് മുന്‍പും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. 2015-ല്‍ സിപിഐഎം സംസ്ഥാന സമ്മേളന സെമിനാറില്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയാണ് പങ്കെടുത്തത്.

സിപിഐഎം പോളിറ്റ് ബ്യൂേറാ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും മുന്‍ മന്ത്രി തോമസ് ഐസക്കും പങ്കെടുത്ത സെമിനാറില്‍ അന്നത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറും പങ്കെടുത്തിട്ടുണ്ട്. ഇതേ ചെന്നിത്തല 2017-ല്‍ എകെജി സെന്ററില്‍ നടന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് വേദി പങ്കിട്ടത്.

അന്ന് ചെന്നിത്തലക്കില്ലാത്ത അച്ചടക്ക ലംഘം ഇന്ന് കെ വി തോമസിന് എങ്ങനെയാണ് ബാധകമാകുക എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടിയില്ല. തോമസ് നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുത്തശേഷം ആലോചിച്ച് നടപടി മതിയെന്നാണ് ഇപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം.

തിടുക്കപ്പെട്ടാല്‍ തിരിച്ചടിയാകുമെന്നും മുതിര്‍ന്ന നേതാക്കള്‍ സുധാകരനെ അറിയിച്ചു. അതേസമയം നടപടി വേണ്ട, വലിയ പ്രാധാന്യം നല്‍കാതെ കെ വി തോമസിനെ അവഗണിക്കുകയാണ് വേണ്ടതെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് വേദികളിലേക്ക് ക്ഷണിക്കാതെ പിന്നീട് മാറ്റി നിര്‍ത്തിയാല്‍ മതിയെന്നുമാണ് ഇവരുടെ പക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here