കോട്ടയത്തെ യുഡിഎഫിലെ തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കോൺഗ്രസിൽ ഒറ്റപ്പെട്ടതിനുപിന്നാലെ യുഡിഎഫ് ചെയർമാനും പരസ്യപ്രതികരണവുമായി രംഗത്ത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോട്ടയത്ത് വന്നുമടങ്ങി രണ്ട് നാൾക്കകം കോൺഗ്രസുകാരൻ രാത്രിയിൽ ഫോണിൽവിളിച്ച് അസഭ്യം പറഞ്ഞതായി യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെ ഹരി എന്നയാളാണ് വിളിച്ചത്. അയാളുടെ മൊബൈൽ നമ്പറും സജി മാധ്യമ പ്രവർത്തകരെ കാണിച്ചു.
ഹരി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ ഡ്രൈവറാണെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞെങ്കിലും അത് സജി സ്ഥിരീകരിച്ചില്ല. അസഭ്യഫോണിന് പിന്നിലുള്ള കോൺഗ്രസ് പ്രവർത്തകനെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന് സജി പരാതിനൽകി. അസഭ്യം പറഞ്ഞതിന് പുറമേ വധഭീഷണി മുഴക്കി. അതുകൊണ്ടാണ് പാർടി അധ്യക്ഷന് പരാതി നൽകിയത്.
യുഡിഎഫ് സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമരപരിപാടിയെച്ചൊല്ലിയാണ് മുന്നണിയിൽ കലാപം. അച്ചടിച്ച ഫ്‌ളെക്‌സിൽ ഡിസിസി പ്രസിഡന്റിന്റെ ചിത്രം ഇല്ലാതെ പോയതാണ് നാട്ടകം സുരേഷും സജിയും തമ്മിലുള്ള പോർമുഖം തുറന്നത്.
യുഡിഎഫ് ജില്ല കൺവീനറും കെപിസിസി സെക്രട്ടറിയുമായ ജോസി സെബാസ്‌റ്റ്യനുമായി കൂടിയാലോചിച്ചാണ് താൻ എല്ലാം ചെയ്‌തതെന്ന് വ്യക്തമാക്കിയ സജി, മുന്നണി യോഗം ചേരുന്ന വിവരം സുരേഷിനെ അറിയിച്ചില്ലെന്നത് കള്ളമാണെന്ന് പറഞ്ഞു.
യോഗം ചേർന്നത് ഡിസിസി ഓഫീസിൽ ആയിട്ടും വിവരം അറിഞ്ഞില്ലെന്ന വാദം വസ്‌തുതയല്ല. അദ്ദേഹം ഫോൺ എടുത്തില്ല. യുഡിഎഫ് ജില്ല ചെയർമാൻപദം വിടുന്നു എന്നും മറ്റുമുള്ള അപവാദപരമായ പരാമർശമടങ്ങുന്ന വ്യാജവാർത്ത പുറത്തുവിട്ട ഓൺലൈൻ മാധ്യമത്തിനെതിരേ ജില്ല പൊലീസ് മേധാവിക്ക് പരാതിനൽകിയതായി സജി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.