പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് നേതാക്കളെ വിലക്കിയത് കോണ്‍ഗ്രസിന്റെ വിശ്വാസ്യത കൂടുതല്‍ തകര്‍ക്കും: പ്രകാശ് കാരാട്ട്

സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍നിന്ന് നേതാക്കളെ വിലക്കിയത് കോണ്‍ഗ്രസിന്റെ വിശ്വാസ്യത കൂടുതല്‍ തകര്‍ക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ അസാന്നിധ്യം നിരാശാജനകമാണ്. ദേശീയപ്രാധാന്യമുള്ള വിഷയത്തിലെ സെമിനാറില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ശശി തരൂര്‍ പ്രതികരിച്ചിരുന്നു.

മതനിരപേക്ഷത സംരക്ഷിക്കണമെന്നതില്‍ സിപിഐ എമ്മിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമല്ല കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ചില എഐസിസി നേതാക്കളും സെമിനാറില്‍ നിന്ന് വിലക്കി. അതിനാല്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്നാണ് തരൂര്‍ അറിയിച്ചത്.

ബിജെപിയെ താഴെയിറക്കാന്‍ മതനിരപേക്ഷ നിലപാടുള്ള എല്ലാവരും യോജിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴാണ് വിശ്വാസ്യത കൂടുതല്‍ അപകടത്തിലാക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് വ്യക്തമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദുത്വവല്‍ക്കരണനിയമങ്ങള്‍ നടപ്പാക്കുന്നത് കോണ്‍ഗ്രസ് പിന്തുണയോടെയാണ്.

സിലബസില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തില്ല. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഉള്‍പ്പെടെ രാമായണവും വേദവും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നതിനെയും ചോദ്യം ചെയ്തില്ല. മതനിരപേക്ഷ പാര്‍ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഈ നിലപാട് എടുക്കുന്നുവെന്ന് വിശദീകരിക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സംഘപരിവാര്‍ ശക്തികള്‍ അധികാരം ഉപയോഗിച്ചും നിയമനിര്‍മാണങ്ങള്‍ വഴിയുമാണ് ഹിന്ദുത്വവല്‍ക്കരണം നടപ്പാക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതിന് പുതിയ നിയമനിര്‍മാണം നടത്തുന്നു. കര്‍ണാടകത്തിലെ ഹിജാബ് നിരോധനമടക്കം ഇതിന് ഉദാഹരണമാണ്. ഇന്‍ഡോറില്‍ ഒരു പ്രദേശത്ത്, മുസ്ലിം വ്യാപാരികളെയും അവരുടെ ഓട്ടോറിക്ഷ കടക്കുന്നതും വിലക്കി. പൊലീസാണ് അതിന് പിന്തുണ നല്‍കുന്നത്. മതനിരപേക്ഷമൂല്യങ്ങളെ പടിപടിയായി തകര്‍ത്ത് ഹിന്ദുരാജ്യം സ്ഥാപിക്കലാണ് സംഘപരിവാര്‍ ലക്ഷ്യം. മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.

മതനിരപേക്ഷത സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. എന്തുകൊണ്ട് കോണ്‍ഗ്രസിന് അതിന് കഴിയുന്നില്ലെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. പകുതി മതനിരപേക്ഷതയും പകുതി ഹിന്ദുത്വവും എന്ന നിലപാട് അപകടകരമാണ്.

ഇക്കാര്യങ്ങളില്‍ കേരളം എടുത്ത നിലപാടാണ് മാതൃകയാക്കേണ്ടത്. പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ സ്വീകാര്യമല്ലെന്ന് നിയമസഭ പ്രമേയം പാസാക്കി. മതനിരപേക്ഷത സംരക്ഷിക്കാന്‍ സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന അടിയുറച്ച നിലപാടാണ് അത് തെളിയിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശം സംരക്ഷിക്കാന്‍ ഇടതുപക്ഷ മേല്‍ക്കൈ അത്യാവശ്യമാണെന്നും കാരാട്ട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News