അന്ന് ചെന്നിത്തലക്കില്ലാത്ത വിലക്കാണോ ഇന്ന് കെ വി തോമസിന്?

“എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു… അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്.”

ഏറെ വൈകാരികമായാണ് മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്ററി പ്രവർത്തനത്തിൽ ദീർഘകാല അനുഭവപരിചയവുമുള്ള കെ വി തോമസ്‌ കഴിഞ്ഞദിവസം ഇത് പറഞ്ഞത്.

സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ നിലപാട് ശക്തമാണ്. ഇതിലൂടെ കെ വി തോമസ്‌ തുറന്നുകാട്ടിയത്‌ കോൺഗ്രസിന്റെ ബിജെപി പ്രീണനനയമാണ്. എന്ന് മാത്രമല്ല ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നുവെന്നും ഇതിലൂടെ വ്യക്തം.

ആർഎസ്‌എസിനോട്‌ എന്തിന്‌ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രസക്തമായ ചോദ്യമാണ്‌ കെവി തോമസ് ഉയർത്തുന്നത്‌. കോൺഗ്രസിലെ നിരവധി നേതാക്കളും പ്രവർത്തകരും ഈ നിലപാടിനൊപ്പമാണ്‌.

പാടെ തകർന്നിട്ടും വർഗീയത സംബന്ധിച്ച്‌ നിലപാടെടുക്കാൻ കഴിയുന്നില്ലെന്ന തുറന്നുപറച്ചിൽ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കും. സമാന ചിന്താഗതിക്കാർ ഇത്തരം നിലപാടുമായി ഇനിയും മുന്നോട്ടുവരും.

സംസ്ഥാനങ്ങളുടെ അധികാരം കവർന്നും മറ്റു സർക്കാരുകളോട് ശത്രുതാ മനോഭാവം പുലർത്തിയുമാണ്‌ കേന്ദ്രം മുന്നോട്ടുപോകുന്നത്‌. അത്‌ ചോദ്യംചെയ്യാൻ മുന്നിൽനിൽക്കേണ്ടത്‌ കോൺഗ്രസാണെന്ന്‌ കെ വി തോമസ്‌ പറയുമ്പോൾ ‘പുറത്താക്കുമെന്ന’ ഭീഷണി സ്വരമാണ് കെ സുധാകരന്. ഈ നിലപാട്‌ കെപിസിസിയുടെയോ സോണിയ ​ഗാന്ധി അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെയോ മാത്രമല്ല.

വർഗീയ, കോർപറേറ്റ്‌ പ്രീണന നയത്തിന്റെയും ഭാഗമാണ്. നാല്‌ സെമിനാറിലേക്ക്‌ കോൺഗ്രസ്‌ നേതാക്കളെ സിപിഐ എം ക്ഷണിച്ചിരുന്നു. ഇവയെല്ലാം കേന്ദ്ര സർക്കാരുമായും ബിജെപിയുമായും ബന്ധപ്പെട്ടവയാണ്. ഇവയിൽ പങ്കെടുത്താൽ സ്വാഭാവികമായും ബിജെപിക്കെതിരെ പറയേണ്ടിവരും.

ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസ്‌ തയ്യാറല്ല എന്നാണ്‌ വിട്ടുനിൽക്കൽ തെളിയുന്നത്‌. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കുമായി വിശാല പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് രാജ്യം ചർച്ച ചെയ്യുമ്പോഴാണ്‌ ഈ നടപടി.

‘സെമികേഡർ’ നയം പറഞ്ഞ്‌ കെ സുധാകരനും വി ഡി സതീശനും മുതിർന്ന നേതാക്കളെ നിരന്തരം അപമാനിക്കുന്നത്‌ എന്തിനാണെന്ന് അണികൾ സ്വാഭാവികമായും ചിന്തിക്കും. കേന്ദ്ര സർക്കാരിനെതിരായ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു എഐസിസി അംഗത്തെ പുറത്താക്കുന്നതിലൂടെ ദേശീയതലത്തിലും വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്.

അതേസമയം, സിപിഐഎം സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പും പങ്കെടുത്തിട്ടില്ലേയെന്ന് കെ.വി.തോമസിന്റെ ചോദ്യത്തിന് നേതാക്കള്‍ക്ക് മറുപടിയില്ല. സിപിഐഎം സമ്മേളന സെമിനാറുകളില്‍ പങ്കെടുത്ത രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ദൃശ്യങ്ങളും പുറത്തായി.

സിപിഐഎം പാര്‍ട്ടി സമ്മേളന വേദികളിലെ സെമിനാറുകളില്‍ ഇതിന് മുന്‍പും കോണ്‍ഗ്രസ്താ നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. 2015-ല്‍ സിപിഐഎം സംസ്ഥാന സമ്മേളന സെമിനാറില്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയാണ് പങ്കെടുത്തത്.

സിപിഐഎം പോളിറ്റ് ബ്യൂേറാ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും മുന്‍ മന്ത്രി തോമസ് ഐസക്കും പങ്കെടുത്ത സെമിനാറില്‍ അന്നത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറും പങ്കെടുത്തു. ഇതേ ചെന്നിത്തല 2017-ല്‍ എകെജി സെന്ററില്‍ നടന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് വേദി പങ്കിട്ടത്.

അന്ന് ചെന്നിത്തലക്കില്ലാത്ത അച്ചടക്ക ലംഘനം ഇന്ന് കെവി. തോമസിന് എങ്ങനെയാണ് ബാധകമാകുക എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here