സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രം പുറത്താക്കരുത്; കെ വി തോമസിനെ പിന്തുണച്ച് പി ജെ കുര്യന്‍

കെവി തോമസിന് പിന്തുണയുമായി പിജെ കുര്യന്‍. തോമസ് മാഷ് സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ മാത്രം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത്. അവിടെ പോയി എന്ത് പറയുന്നു എന്നതാണ് കാര്യമെന്നും പിജെ കുര്യന്‍. കെവി തോമസിനെ അനുകൂലിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നതോടെ കുഴങ്ങുകയാണ് എഐസിസി നേതൃത്വം.

സിപിഐഎം വേദിയില്‍ കോണ്‍ഗ്രസ് നിലപാട് അറിയിക്കാന്‍ അവസരം കിട്ടിയാല്‍ അത് ഉപയോഗിക്കുകയാണ് വേണ്ടതെന്നാണ് പിജെ കുര്യന്റെ അഭിപ്രായം. അവിടെ പോയി എന്ത് പറയുന്നു എന്നതാണ് കാര്യം. പറയുന്നത് എന്താണെന്ന് നോക്കി മാത്രമേ നടപടി എടുക്കാവൂ. പങ്കെടുക്കുന്നു എന്നത് കൊണ്ട് മാത്രം നടപടി പാടില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പിജെ കുര്യന്‍ വ്യക്തമാക്കി.

താനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിരവധി തവണ അന്യ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ എന്താണെന്ന് എന്നെക്കാള്‍ നന്നായി കെവി തോമസിനറിയാം.എന്നെക്കാള്‍ മാന്യനായ വ്യക്തിയാണ് കെവി തോമസ്. അച്ചടക്കത്തിന്റെ ആ ലക്ഷ്മണ രേഖ മാഷ് ലംഘിക്കരുതെന്നും പിജെ കുര്യന്‍ അഭ്യര്‍ത്ഥിച്ചു.

കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അച്ചടക്കനടപടിയുടെ വാളോങ്ങി നില്‍ക്കുകയാണ് സുധാകര പക്ഷം. കെപിസിസി പ്രസിഡന്റ് സുധാകരന്റെ വിരട്ടലിന് കീഴടങ്ങും വിധമായിരുന്നു ഇന്ന് കെസി വേണു ഗോപാലിന്റെ പ്രതികരണം. കെപിസിസിയെ മറികടന്ന് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കില്ലെന്നും കെപിസിസി തീരുമാനം പ്രാദേശിക പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നും കെസി പറഞ്ഞു.

എന്നാല്‍, G23 ഗ്രൂപ്പിലെ പിജെ കുര്യനില്‍ നിന്ന് കെവി തോമസിനെ അനുകൂലിച്ച് നിലപാട് എത്തുന്നതോടെ കുഴങ്ങുകയാണ് എഐസിസി നേതൃത്വം. കെപിസിസി നേതൃത്വം ഇളക്കിവിടുന്ന സൈബര്‍ ആക്രമണം ഒഴിച്ച് നിര്‍ത്തിയാല്‍ തോമസ് മാഷിനൊപ്പമാണ് പ്രവര്‍ത്തക വികാരം. കെവി തോമസിനെ അനുകൂലിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമോ എന്ന ശങ്കയും ഹൈക്കമാന്‍ഡിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News