ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ഇടിമിന്നലും കാറ്റും മഴയും കനത്തേക്കും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും ശ്രീലങ്കയ്ക്ക് മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടിനും രാത്രി പത്തിനും ഇടയില്‍ ഇടിമിന്നലിന്റെ സാധ്യത കൂടുതലാണ്.

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരുകാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല.

മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യാനും പാടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലപ്പോള്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കേരള തീരത്ത് മത്സ്യ ബന്ധനത്തില്‍ നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ഈ വിവരം അറിയിക്കുവാനും കേരള തീരത്ത് നിന്നും അകന്ന് കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കുന്നതാകും ഉചിതം എന്നത് അറിയിക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കുക.

കേരള തീരത്ത്‌നിന്നും ആരും ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുത്. കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here