ഖത്തറിൽ കാമ്പസ് തുടങ്ങാൻ എം.ജി.സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം

മലയാളികളായ പ്രവാസികൾ ഏറെയുള്ള ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് യു.ജി.സി. യുടെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെയാണ് സർവ്വകലാശാല ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

പ്രോ-വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളടങ്ങിയ ഒരു പ്രതിനിധി സംഘം നേരത്തെ ഖത്തർ സന്ദർശിച്ച് അധികൃതരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള സംസ്ഥാന സർവ്വകലാശാലകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ കൂടാതെ പൂണെ സർവ്വകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തർ ഭരണകൂടം പരിഗണിച്ചിട്ടുള്ളത്.

പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനും അതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പരീക്ഷാ ഫലം പ്രിസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകളുടെ ഉത്തര സൂചിക സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾക്ക് 250 രൂപ ഫീസടച്ചാൽ ഉത്തരക്കടലാസിന്റെ ഇ-കോപ്പി ഇ-മെയിലിൽ ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകും.

ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണവിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ എണ്ണം ഈ വർഷം മുതൽ 150 ൽ നിന്ന് 200 ആക്കി വർദ്ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം വരെ ആകെ 100 പേർക്കാണ് സ്കോളർഷിപ്പ് നൽകിയിരുന്നത് .

സർവ്വകലാശാല പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സാഹായകമാകും വിധം സമഗ്രമായ ഒരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ രൂപകല്പന തെയ്യുന്നതിനും സിൻഡിക്കേറ്റ് തീരുമാനമായി. ഐ.ടി. മേഖലയിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ഇതിനായി ലഭ്യമാക്കും.

അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള എല്ലാ ഒഴിവുകളും നിയമന നടപടികൾക്കായി പബ്ലിക് സർവ്വീസ് ക്മ്മീഷന് റിപ്പോർട്ട് ചെയ്യാനും യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here