ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യക്കാരില്‍ ഒന്നാമനായി ഡോ. ഷംഷീര്‍ വയലില്‍

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യക്കാരിൽ ഒന്നാമതായി വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ.

മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉൾപ്പെടുത്തി ഫോബ്‌സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരിൽ ഇടം നേടുന്ന ഏക ഇന്ത്യക്കാരനായി ഡോ. ഷംഷീർ മാറിയത്.

ബിസിനസിന്റെ വലുപ്പം, വരുമാനവും ആസ്തികളും, പ്രവർത്തനങ്ങളുടെ വൈവിധ്യം, അനുഭവസമ്പത്ത്, സ്വാധീനം, നേട്ടങ്ങൾ എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ്. കൊവിഡ് മഹാമാരിക്കാലത്ത് മിഡിൽ ഈസ്റ്റിലെ ആരോഗ്യമേഖലയിൽ നടത്തിയ നിർണ്ണായക ഇടപെടലുകളും പട്ടികയിൽ ഡോ. ഷംഷീറിനെ മുൻനിരയിൽ എത്തിച്ചു.

“അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഇപ്പോൾ മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമായി 15 ബ്രാൻഡുകളും 24 പ്രവർത്തന ആശുപത്രികളും 125-ലധികം ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്,” ഫോബ്സ് പ്രസ്താവനയിൽ പറഞ്ഞു.

പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോൾഡിംഗ്‌സിന്റെ വൈസ് ചെയർമാൻ കൂടിയാണ് ഡോ ഷംഷീർ.
2007ൽ അബുദാബിയിൽ സ്ഥാപിച്ച എൽഎൽഎച്ച് ഹോസ്പിറ്റലാണ് ഡോ. ഷംഷീർ തുടക്കമിട്ട ആദ്യ ആശുപത്രി.

2020ൽ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ച ബുർജീൽ മെഡിക്കൽ സിറ്റി യുഎഇയിലെ ഏറ്റവും വലിയ അർബുദ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡിൽ ഈസ്റ്റിൽ മെഡിക്കൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിലും ഡോ. ഷംഷീർ നിർണായ പങ്കാണ് വഹിച്ചത്.

ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസ്യൂട്ടിക്കൽ കമ്പനി, ഹോംകെയർ, ഒക്യുപേഷണൽ ഹെൽത്ത്, റീട്ടെയിൽ ഫാർമസികൾ തുടങ്ങി വിവിധ ബ്രാൻഡുകളിലേക്ക് വിപിഎസ് ഹെൽത്ത്കെയറിനെ ഡോ. ഷംഷീർ വികസിപ്പിച്ചു.

കൊവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽതന്നെ ഗ്രൂപ്പ് ഉണ്ടായിരുന്നു. വിപിഎസ് ഹെൽത്ത്കെയർ ആശുപത്രികൾ 2 ദശലക്ഷത്തിലധികം പിസിആർ ടെസ്റ്റുകൾ നടത്തുകയും, അഞ്ചുലക്ഷത്തിലധികം പേർക്ക് വാക്സിനുകൾ നൽകുകയും ചെയ്തു. ഇതോടൊപ്പം യുഎഇയിലും ഒമാനിലുമായി പതിനായിരത്തിലധികം കോവിഡ് രോഗികളെ ചികിത്സിച്ചു.

സൗദി അറേബ്യ ആസ്ഥാനമായ ഡോ. സുലൈമാൻ അൽ ഹബീബ് മെഡിക്കൽ സർവീസസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സുലൈമാൻ അൽ ഹബീബാണ് ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ഹനാൻ മുഹമ്മദ് അൽ കുവാരിയും ജോർദാനിലെ ഹിക്മ ഫാർമസ്യൂട്ടിക്കൽസ് എക്‌സിക്യൂട്ടീവ് ചെയർമാൻ സെയ്ദ് ദർവാസയും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി.

ജി42 ഹെൽത്ത്‌കെയർ സിഇഒ ആശിഷ് കോശി, തുംബൈ മൊയ്തീൻ (തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ്), ഡോ. സനൂബിയ ഷംസ് (സുലേഖ ഹെൽത്ത് കെയർ ഗ്രൂപ്പ് കോ-ചെയർപേഴ്സൺ) എന്നീ ഇന്ത്യക്കാരും പട്ടികയിൽ ഉൾപ്പെടുന്നു.

50 ആരോഗ്യ നേതാക്കളുടെ പട്ടികയിൽ 25 പേർ യുഎഇയിൽ നിന്നാണ്. സൗദി അറേബ്യ-13, ഈജിപ്ത്-6 ഖത്തർ-2, കുവൈറ്റ്, അൾജീരിയ, ജോർദാൻ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്ന് ഓരോപേർ വീതവുമാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 20 പേർ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും 19 പേർ ആശുപത്രികൾക്കും നേതൃത്വം നൽകുന്നവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News