CPIM പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കണ്ണൂരില്‍ സമാപനം; വൈകിട്ട് വന്‍ റാലി

സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചക്ക് പി ബി അംഗം പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. തുടർന്ന് ജനറൽ സെക്രട്ടറിയേയും പി.ബി,സി.സി അംഗങ്ങളേയും തെരഞ്ഞെടുക്കും. വൈകിട്ട് നടക്കുന്ന വൻ റാലിയോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.

മഹാറാലി കണ്ണൂരിനെ ചെങ്കടലാക്കും. എ കെ ജി നഗറിൽ (കണ്ണൂർ ജവഹർ സ്‌റ്റേഡിയം) നടക്കുന്ന റാലിയിൽ രണ്ടുലക്ഷം പേർ അണി നിരക്കും. പാർട്ടിയുടെ കരുത്തിന്റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്‌.

ഇന്നലെ രാവിലെ തന്നെ കണ്ണൂരിലേക്ക്‌ ജനങ്ങൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. കണ്ണൂർ ജില്ല കേന്ദ്രീകരിച്ചാണ്‌ റാലി നിശ്‌ചയിച്ചതെങ്കിലും കേരളമാകെയും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും ജനം ഒഴുകിയെത്തുകയാണ്‌.

പകൽ മൂന്നിന്‌ ബർണശേരി നായനാർ അക്കാദമിയിൽനിന്ന്‌ റെഡ്‌ വളന്റിയർ മാർച്ചിന്റെ അകമ്പടിയിൽ പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർട്ടി കോൺഗ്രസ്‌ പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ കെ ജി നഗറിലേക്ക്‌ നീങ്ങും. ജില്ലയിലെ 25,000 റെഡ്‌ വളന്റിയർമാരിൽ നിന്ന്‌ തെരഞ്ഞെടുത്ത 2000 പേരാണ്‌ മാർച്ച്‌ ചെയ്യുക. ഇതിൽ 1000 വനിതകളാണ്‌. കേന്ദ്രീകരിച്ചുള്ള പ്രകടനമില്ല.

റാലിക്കെത്തുന്ന വാഹനങ്ങൾക്ക്‌ നഗരത്തിൽ പ്രവേശനമില്ല. റാലിയിൽ പങ്കെടുക്കുന്നവരെ ഇറക്കിയശേഷം വാഹനങ്ങൾ നിശ്‌ചയിച്ച കേന്ദ്രങ്ങളിൽ പാർക്ക്‌ ചെയ്യണം.എ കെ ജി നഗറിനകത്ത്‌ പ്രവേശിക്കാൻ കഴിയാത്തവർക്ക്‌ പൊതുസമ്മേളനവും റാലിയും വീക്ഷിക്കാൻ നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബിഗ്‌ സ്‌ക്രീനുകൾ സജ്ജമാക്കിയിട്ടുണ്ട്‌.

വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, മണിക്‌ സർക്കാർ, ബൃന്ദ കാരാട്ട്‌, കോടിയേരി ബാലകൃഷ്‌ണൻ, എം എ ബേബി എന്നിവർ സംസാരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News