വധഗൂഢാലോചനക്കേസ്; ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യും

വധഗൂഢാലോചനക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യും. ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ നടപടി.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കമ്പ്യൂട്ടർ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങി. ദിലീപിന്റെ ചാറ്റുകൾ നീക്കംചെയ്യാൻ ഉപയോഗിച്ച സായിശങ്കറിൻ്റെ കമ്പ്യൂട്ടർ കണ്ടെടുക്കാനാണ് നീക്കം.

അഭിഭാഷകരിൽ നിന്നും കമ്പ്യൂട്ടർ പിടിച്ചെടുക്കാൻ നടപടി ആരംഭിക്കും.
ആവശ്യമെങ്കിൽ അഭിഭാഷകരുടെ ഓഫീസിൽ പരിശോധന നടത്തും.
കമ്പ്യൂട്ടർ ദിലീപിന്റെ അഭിഭാഷകരുടെ കൈവശം ഉണ്ടെന്ന് സായി ശങ്കർ മൊഴി നൽകിയിരുന്നു.

തുടർനടപടിയിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം അനുകൂലമെങ്കിൽ തുടർനടപടി എന്ന് അന്വേഷണ സംഘം വ്യകത്മാക്കി.

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. സംഭവത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് പറയുന്നതായ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.ഈ സാഹചര്യത്തിലാണ് കാവ്യയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നത്.

ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സുരാജും വ്യവസായി ശരത്തും തമ്മിലുളള ഫോണ്‍ സംഭാഷണത്തിലാണ് കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന സൂചനകളുണ്ടായിരുന്നത്. തന്നെ കുടുക്കാന്‍ ശ്രമിച്ച സുഹൃത്തുക്കൾക്ക് കാവ്യ തിരിച്ചു കൊടുത്ത പണിയാണിതെന്നായിരുന്നു സുരാജ് ശരത്തിനോട് പറഞ്ഞത്.

ജയിലില്‍ നിന്നും വന്ന ഫോണ്‍ കോള്‍ നാദിര്‍ഷ എടുത്തതോടെയാണ് ദിലീപിലേക്ക് തിരിയുന്നത്. അല്ലെങ്കില്‍ കാവ്യ മാത്രമായിരുന്നു കേസില്‍ ഉണ്ടാകേണ്ടിയിരുന്നത്. ദിലീപ് അത് ഏറ്റെടുത്തതാണെന്നും സുരാജ് ഫോണ്‍സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതോടെയാണ് തുടരന്വേഷണം കാവ്യയിലേക്ക് എത്തിയത്.

ചെന്നൈയിലുള്ള കാവ്യയോട് തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം.ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി ചോദ്യം ചെയ്യലിനെത്തേണ്ട സ്ഥലം പറയാമെന്നും ക്രൈംബ്രാഞ്ച് കാവ്യയെ അറിയിച്ചിട്ടുണ്ട്.

കാവ്യയെയും അമ്മയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫ്ലാറ്റുകളിലും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലും പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് കേസില്‍ തുടരന്വേഷണമാരംഭിക്കുന്നത്.

കാവ്യയെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.കേസില്‍ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് കേസില്‍ തുരന്വേഷണം ആരംഭിക്കുകയും പുതിയ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിക്കുകയും ചെയ്തത്.

ഈ സാഹചര്യത്തില്‍ തുരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News