പാർട്ടി കോൺഗ്രസിന്റെ ഇടവേളയിലും മനുഷ്യത്വത്തിൻറെ ഉദാത്ത മാതൃക സമ്മാനിക്കുകയാണ് മന്ത്രി ആർ ബിന്ദു. സ്പൈനൽ മാസ്‌കുലാർ അട്രോഫി ബാധിച്ച അഫ്രയ്ക്ക് ഇലക്ട്രോണിക് വീൽചെയർ നൽകാനും മന്ത്രി സമയം കണ്ടെത്തി.
അഫ്രയെപ്പോലെയുള്ളവരെ സ്നേഹപൂർവ്വം കൈപിടിക്കാൻ ‘നിപ്മറി’നെ നമുക്കിനിയും ഉയരത്തിലേക്ക് കൊണ്ടുപോവണമെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
മന്ത്രി ആർ ബിന്ദുവിൻറെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;
പാർട്ടി കോൺഗ്രസിന്റെ ഇടവേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കൂടെ അഫ്രയുടെയും മുഹമ്മദിന്റെയും മാട്ടൂൽ പഞ്ചായത്തിലെ വീട്ടിൽ പോയി.
അഫ്രയെയും മുഹമ്മദിനെയും ഓർമ്മയുണ്ടാവുമല്ലോ. സ്പൈനൽ മാസ്‌കുലാർ അട്രോഫി ബാധിച്ച ഒന്നരവയസ്സുകാരൻ സഹോദരൻ മുഹമ്മദിനു വേണ്ടി അഫ്ര നടത്തിയ അഭ്യർത്ഥനയാണ് കേരളം സമീപകാലത്തു കണ്ട ഏറ്റവും വലിയൊരു ജീവകാരുണ്യ ധനസമാഹരണത്തിന് വഴിയൊരുക്കിയത്.
രണ്ടര വയസുള്ളപ്പോൾ ഇതേ അസുഖത്താൽ ദേഹം തളർന്നുപോയവളാണ് അഫ്ര.
സോൾഗെൻസ്മ എന്ന, ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരുന്ന് (18 കോടി രൂപ) രണ്ടുവയസ്സിനുമുന്നേ വേണ്ടിയിരുന്നു മുഹമ്മദിന്. എങ്കിൽ അവന്റെ ജനികകതകരാറ് മാറ്റാൻ പറ്റുമെന്നു വൈദ്യശാസ്ത്രം നിർദ്ദേശിച്ചു.
അതവന് നേടിക്കൊടുത്തത് അഫ്രയുടെ എഫ്ബി വീഡിയോ ആണ്. അന്നത് വൈറലായി, വിചാരിച്ചതിനും എത്രയോ അപ്പുറത്തേക്ക് ലോകം മുഹമ്മദിനുവേണ്ടി സ്നേഹമൊഴുക്കി..
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതരായ കുട്ടികൾക്കുള്ള ഇലക്ട്രോണിക് വീൽചെയറുകളുടെ വിതരണത്തുടക്കം അഫ്രയ്ക്ക് ചെയർ നൽകി നിർവ്വഹിച്ചു.
പത്തു കുട്ടികൾക്കാണ് പ്രത്യേകം സജ്ജമാക്കിയ വീൽചെയർ നൽകുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ സമൂഹ്യനീതി വകുപ്പിന്റെ നിർവ്വഹണം.
പത്തു വീൽചെയറുകളും കസ്റ്റമൈസ് ചെയ്തുനൽകിയിരിക്കുന്നത് ഇരിങ്ങാലക്കുടയിൽനിന്നാണ് – നമ്മുടെ അഭിമാനസ്ഥാപനമായ ‘നിപ്മർ’ ഒരിക്കൽക്കൂടി അതിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു..
അഫ്രയെപ്പോലെ എത്രയോ പേരെ ഇനിയും ഇങ്ങനെ സ്നേഹപൂർവ്വം കൈപിടിക്കാൻ ‘നിപ്മറി’നെ നമുക്കിനിയും ഉയരത്തിലേക്ക് കൊണ്ടുപോവണം. അത് ഈ സർക്കാരിന്റെ നിശ്ചയമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.